ഹാട്രിക് നേടി പ്രതിരോധക്കാരൻ, പി എസ് ജി നോകൗട്ടിൽ

- Advertisement -

പ്രതിരോധനിരക്കാരൻ കർസാവ ഹാട്രിക്ക് നേടിയ മത്സരത്തിൽ ആൻഡർലചിനെ ഗോളിൽ മുക്കി പി എസ് ജി. എതിരില്ലാത്ത 5 ഗോളുകൾക്കാണ് പാരീസിൽ ഫ്രഞ്ച് ഭീമന്മാർ ആൻഡർലചിനെ തകർത്തത്. പി എസ് ജി ക്കായി നെയ്മർ, മാർക്കോ വെരാട്ടി എന്നിവരാണ് മറ്റ്‌ ഗോളുകൾ നേടിയത്. ജയത്തോടെ 12 പോയിന്റുള്ള പി എസ് ജി നോകൗട്ട് ഉറപ്പിച്ചു.

30 ആം മിനുറ്റ് വരെ പി എസ് ജി ആക്രമണത്തെ ഗോൾ കണ്ടെത്താനാവാതെ തടഞ്ഞ ആൻഡർലചിനെ പക്ഷെ മാർക്കോ വെരാട്ടി 30 ആം മിനുട്ടിൽ കീഴടക്കി. എംബാപ്പയുടെ പാസ്സിലായിരുന്നു ഇറ്റലികാരന്റെ ഗോൾ. ആദ്യ പകുതി തീരും മുൻപ് ഡ്രാക്സലറുടെ പാസ്സ് വലയിലാക്കി നെയ്മർ പി എസ് ജി യുടെ ലീഡ് രണ്ടാക്കി. രണ്ടാം പകുതിയിലാണ് ലെഫ്റ്റ് ബാക്കായ കർസാവ ആക്രമണ നിരയിലെ വമ്പന്മാരെ നോക്കുകുത്തികളാക്കി  ഹാട്രിക്ക് നേടിയത്. 52,72,78  മിനുട്ടുകളിലായാണ് ഫ്രാൻസ് ദേശീയ താരം കൂടിയായ കർസാവ ഹാട്രിക് നേടിയത്. ഗോൾ നേടിയില്ലെങ്കിലും റൈറ്റ് ബാക്ക് ഡാനി ആൽവസും മികച്ച പ്രകടനമാണ് പി എസ് ജി ക്കായി നടത്തിയത്.

ചാംപ്യൻസ് ലീഗിൽ ഇതുവരെ 17 ഗോളുകൾ നേടിയ പി എസ് ജി ഒരു ഗോൾ പോലും എതിരായി വാങ്ങിയിട്ടില്ല. ചാംപ്യൻസ് ലീഗ് കിരീടമടക്കം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ ഫ്രഞ്ച് മുൻ ചാമ്പ്യന്മാർ നടത്തുമ്പോൾ എതിരാളികൾക്ക് ഇത്തവണ മികച്ചതിലും അപ്പുറമുള്ള പ്രകടനമില്ലെങ്കിൽ കീയടക്കാനാവില്ല എന്നുറപ്പാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement