ബാഴ്‌സയുടെ നഷ്ട്ടം, നെയ്മർ ഇനി പാരീസിന് സ്വന്തം

- Advertisement -

ലോകമെമ്പാടുമുള്ള ബാഴ്സ ആരാധകർ സത്യമാവരുതേ എന്ന് പ്രാർത്ഥിച്ച ആ കേട്ടുകേൾവി ഒടുവിൽ സത്യമായി. പോയ മൂന്ന് സീസണുകളിലും ബാഴ്സയുടെ അഭിവാജ്യ ഘടകമായിരുന്നു നെയ്മർ ഫ്രഞ്ച് വമ്പന്മാരായ പി എസ് ജി യുമായി കരാർ ഒപ്പിട്ടു. ലോകം കണ്ട എക്കാലത്തെയും വലിയ തുകയ്ക്കാണ് ബ്രസീൽ സൂപ്പർ താരത്തെ പി എസ് ജി പാരീസിൽ എത്തിക്കുന്നത്. ഏതാണ്ട് 198 മില്യൺ പൗണ്ടാണ് പി എസ് ജി ബാഴ്സക്ക് നൽകിയിരിക്കുന്നത്. നേരത്തെ നെയ്മറിന്റെ സഹ താരം മെസ്സി ഇൻസ്റ്റാഗ്രാമിൽ വൈകാരികമായ പോസ്റ്റ് ഇട്ടപ്പോൾ തന്നെ നെയ്മർ ക്ലബ്ബ് വിടുന്നു എന്നത് ഉറപ്പായിരുന്നു. 5 വർഷത്തെ കരാറിലാണ് താരം ഒപ്പു വച്ചിരിക്കുന്നത്.

നേരത്തെ നെയ്മറിന്റെ റിലീസ് ക്ളോസ് നൽകിയാൽ നെയ്മറിന് ബാഴ്സലോണ വിടാനും പരിശീലനത്തിൽ നിന്ന് വിട്ട് നിൽക്കാനും ഉള്ള അനുമതി നൽകിയതായി കാത്തലൻ ക്ലബ്ബ് ഔദ്യോഗികമായി തന്നെ അറിയിച്ചിരുന്നു. ഔദ്യോഗികമായി 198 മില്യൺ പൗണ്ട് ആണ് ബാഴ്സക്ക് പി എസ് ജി നൽകുന്നതെങ്കിലും ശമ്പളവും ബോണസും ഉൾപ്പെടെ 5 വർഷത്തേക്ക് അവർക്ക് 450 മില്യൺ പൗണ്ട് ചിലവ് വരും. ആഴ്ചയിൽ 5 ലക്ഷത്തിൽ പരം പൗണ്ട് നെയ്മറിന് ശമ്പളമായി ഫ്രഞ്ച് ഭീമന്മാർ നൽകേണ്ടി വരും.

ലോകത്തെ ഏറ്റവും അപകടകാരികളായ ആക്രമണ നിര എന്നറിയപ്പെടുന്ന MSN ത്രയമാണ് നെയ്മറിന്റെ വിടവാങ്ങലോടെ ഇല്ലാതാവുന്നത്. നെയ്മറും സുവാരസും മെസ്സിയും ചേർന്ന ആദ്യ സീസണിൽ സ്പാനിഷ് ടീമുകൾക്ക് പുറമെ യൂറോപ്പിലെ വമ്പന്മാർ വരെ ആ ആക്രമണത്തിന്റെ ചൂട് അറിഞ്ഞതാണ്. MSN ത്രയം മുന്നിൽ നിന്ന് നയിച്ചപ്പോൾ ആ സീസണിൽ ബാഴ്സ നേടിയത് മൂന്ന് പ്രധാന ട്രോഫികൾ. എന്നാൽ മെസ്സിയെന്ന എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരന്റെ നിഴലിൽ പലപ്പോഴും ഒതുക്കപ്പെട്ടു എന്ന് വന്നതോടെയാണ് നെയ്മർ ന്യൂ ക്യാമ്പ് വിടാൻ തീരുമാനിക്കുന്നത്. സ്വപ്ന തുല്യമായ പണം കൂടെ വാഗ്ദാനം ചെയ്യപ്പെട്ടപ്പോൾ ബാഴ്സലോണക്ക് നിരസിക്കുക എന്നത് അസാധ്യമായിരുന്നു.

 

നെയ്മറിന്റെ നിലവിലെ ബാഴ്സ കരാറിൽ 4 വർഷം കൂടെ ബാക്കി ഉണ്ടെങ്കിലും ജൂലൈ പകുതിയോട് കൂടി തന്നെ താരം ബാഴ്സലോണ വിടാൻ ഉറപ്പിച്ചിരുന്നതായാണ് സ്പെയിനിൽ നിന്നുള്ള റിപ്പോർട്ടുകൾ. നെയ്മർ പാരീസിൽ എത്തിയതോടെ നിലവിലെ ലോക റെക്കോർഡ് തുകയായ 89 മില്യൺ പഴം കഥയായി. 2016 ഇൽ യുവന്റസിൽ നിന്ന് പോൾ പോഗ്ബയെ സ്വന്തമാക്കാൻ വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് മുടക്കിയ തുകയാണ് ഇത്.

കേവലം ഒരു കളിക്കാരന്റെ കൈമാറ്റം എന്നതിലുപരി ഫുട്ബാൾ ലോകത്ത് വരും നാളുകളിൽ ഏറെ ചർച്ചയും വിവാദങ്ങളും ഉണ്ടാവാൻ സാധ്യതയുള്ള ഒരു ഇടപാടാണ് ബാഴ്സയും പി എസ് ജി യും തമ്മിൽ നടന്നിരിക്കുന്നത്. ഫൈനാൻഷ്യൽ ഫെയർ പ്ലെ അടക്കമുള്ള കാര്യങ്ങളിൽ വരും നാളുകളിൽ പി എസ് ജി ഫിഫ, യുവേഫ അടക്കമുള്ള സമിതികൾക്ക് മുൻപാകെ കണക്കുകൾ നിരത്തേണ്ടി വരും. ഖത്തറിലെ ബിസിനസ് ഭീമൻമാരായ പി എസ് ജി യുടെ ഉടമകൾക്ക് നെയ്മറിനെ പാരീസിൽ എത്തിക്കുന്നതിൽ ഫുട്ബാൾ കാരണങ്ങൾക്ക് അപ്പുറമുള്ള താൽപര്യങ്ങളും അന്വേഷണ വിധേയമായേക്കും. ല ലീഗ അധികൃതരും പി എസ് ജി യുടെ നീക്കത്തിനെതിരെ രംഗത്ത് വന്നിരുന്നെങ്കിലും അവസാന തീരുമാനം നെയ്മറും പിതാവും തീരുമാനിച്ചതോടെ പി എസ് ജി ക്ക് കാര്യങ്ങൾ എളുപ്പമാവുകയായിരുന്നു.

സീസൺ തുടങ്ങാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ നെയ്മറിന് പകരക്കാരനെ കണ്ടെത്തുക എന്ന ഭാരിച്ച ജോലി ബാഴ്സ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതും വരും നാളുകളിൽ ഫുട്ബാൾ ലോകം കാത്തിരിക്കുന്ന കാര്യമാണ്. നിലവിൽ ഫിലിപ്പേ കുട്ടീഞ്ഞോ, ദിബാല അടക്കമുള്ളവരുടെ പേരുകൾ കേൾക്കുന്നുണ്ടെങ്കിലും ഇരുവരും അവരുടെ ടീമുകളിൽ നിർണായ സ്വാധീനമുള്ള കളിക്കാർ ആയതിനാൽ അവരുടെ ക്ലബുകൾ അവരെ ബാഴ്സക്ക് വിട്ടു നൽകുമോ എന്നതും കൗതുകകരമാവും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement