പ്രിതം സർക്കാറിന് ഇരട്ടഗോൾ, ഗോകുലം എഫ് സിക്ക് വിജയ തുടക്കം

- Advertisement -

അരങ്ങേറ്റം വിജയത്തോടെ ആക്കി ഗോകുലം എഫ് സി. ഇന്ന് ഒറീസയിൽ പതിമൂന്നാമത് ബിജു പട്നായിക് ടൂർണമെന്റിന് ഇറങ്ങിയ ഗോകുലം എഫ് സി ഏകപക്ഷീയമായ വിജയം തന്നെയാണ് നേടിയത്. എഫ് എ ഒ ഇലവൻ കട്ടക്കിനെതിരെ മറുപടിയില്ലാത്ത രണ്ടു ഗോളിനായിരുന്നു മലപ്പുറത്തിന്റെ സ്വന്തം ക്ലബിന്റെ ആദ്യ വിജയം.

പ്രിതം സർക്കാരാണ് ഗോകുലം ക്ലബിന്റെ ചരിത്രത്തിലെ തന്നെ ആദ്യ രണ്ടു ഗോളുകളുടേയും ഉടമയായത്. സുഷാന്ത് മാത്യൂ നയിച്ച ടീമിൽ വിദേശ താരമായ ബെല്ലോ റസാക് ഇറങ്ങിയപ്പോൾ അഫ്ഗാൻ താരം ബദർ ഇറങ്ങിയില്ല. ആദ്യ മത്സരമായതു കൊണ്ടു തന്നെ താളം കണ്ടെത്താൻ ആദ്യമൊന്നു സമയമെടുത്തു, എങ്കിലും ആരിഫിന്റെ ക്രോസിൽ നിന്ന് പ്രിതം സർക്കാർ ആദ്യ ഗോൾ നേടിയതോടെ ഗോകുലം ആ താളം കണ്ടെത്തി. മിഡ്ഫീൽഡിൽ നിന്നു ലഭിച്ച ത്രൂ പാസ് സ്വീകരിച്ച് ഗോളിയെ കബളിപ്പിച്ചായിരുന്നു പ്രിതത്തിന്റെ രണ്ടാം ഗോൾ.

സിയാദിന് കിട്ടിയ മികച്ച മൂന്ന് അവസരങ്ങൾ കൂടി ഗോളായിരുന്നു എങ്കിൽ മാർജിൻ ഇനിയും കൂടുമായിരുന്നേനെ . വരും മത്സരങ്ങളിലും മികച്ച കളി കാഴ്ച്ചവെച്ച് കപ്പുമായി മടങ്ങുകയാണ് ടീമിന്റ ലക്ഷ്യം .

ക്യാപ്റ്റൻ സുഷാന്ത് മാത്യൂ പ്രതിരോധ നിരയിൽ മൈ റോൺ മെന്റിസിനും ഡിബിനും ബെല്ലോ റസാഖിനുമൊപ്പം ബൂട്ട് കെട്ടിയപ്പോൾ കാസറഗോഡ് ബങ്കളം സ്വദേശി മിർഷാദിന്റെ ചോരാത്ത കൈകളിൽ ഗോൾവലയം ഭദ്രമായി. അർജുൻ ജയരാജും ഫ്രാൻസിസ് സേവ്യറും റാഷിദും മധ്യനിരയിൽ കളി മെനഞ്ഞപ്പോൾ ആക്രമണ ചുമതല കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഗോളടിയന്ത്രം സിയാദ് നെല്ലിപ്പറമ്പനും DSKഅക്കാഡമിയിൽ നിന്നെത്തുന്ന ആരിഫും കൽക്കത്തക്കാരൻ പ്രീതം സർക്കാരും ഏറ്റെടുത്തു.

വിജയത്തോടെ ഗോകുലം എഫ് സി ബിജു പട്നായിക് ട്രോഫി സെമി ഫൈനലിലേക്ക് പ്രവേശിച്ചു. നാലാം തീയതിയാണ് സെമി ഫൈനൽ മത്സരം നടക്കുക. നാളെ നടക്കുന്ന കെ എ എ കൊൽക്കത്തയും എസ്‌ എഫ് എ സാമ്പൽപൂരും തമ്മിൽ നടക്കുന്ന മത്സരത്തിലെ വിജയികളെയാകും ഗോകുലം എഫ് സി സെമിയിൽ നേരിടുക.

Advertisement