പ്രീമിയർ ലീഗ് ടീം പ്രിവ്യൂ : ലിവർപൂൾ

ആക്രമണത്തിൽ വേഗതകൊണ്ട് എതിരാളികളെ ഞെട്ടിക്കാൻ ഒരുങ്ങിയാണ് ലിവർപൂളിന്റെ വരവ്. ആക്രമണത്തിൽ യുവ രക്തങ്ങൾ മാത്രമുള്ള ക്ളോപ്പിന്റെ ചുവന്ന പട്ടാളം പക്ഷെ പ്രതിരോധത്തിൽ ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ആക്രമണ നിരകൊണ്ട് മാത്രം ഒരു ടീമും പ്രീമിയർ ലീഗ് നേടിയിട്ടില്ല. കഴിഞ്ഞ സീസണിലും ഗോളുകൾ അടിച്ചു കൂട്ടുമ്പോഴും സ്വന്തം വല കാക്കാൻ മറന്ന ക്ളോപ്പ് അതിന് നൽകിയ വില ഏറെ വലുതായിരുന്നു. അത് ഇത്തവണ പരിഹരിക്കാൻ വേണ്ടത്ര ശ്രമങ്ങൾ അവർ നടത്തിയോ എന്നത് പരിശോധിച്ചാൽ ഇല്ല എന്ന് തന്നെയാവും ഉത്തരം.

ട്രാൻസ്ഫർ മാർക്കറ്റ് അടക്കാൻ ഇനിയും ദിവസങ്ങൾ ഉണ്ടെങ്കിലും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ മികച്ച കളിക്കാരെ ആൻഫീൽഡിൽ എത്തിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് ലിവർപൂൾ മാനേജ്‌മെന്റിന് ഉള്ളത്, പ്രത്യേകിച്ചും പ്രതിരോധ നിര താരങ്ങളെ. എതിരാളികളെല്ലാം ശക്തി സംഭരിച്ച് വരുന്ന സീസണിൽ ഇനിയും ജെയിംസ് മിൽനറിനെ ലെഫ്റ്റ് ബാക്ക് ആയി കളിപ്പിക്കുക എന്നത് ആത്മഹത്യാ പരമാവും.

മുഹമ്മദ് സലാഹ്

ക്ളോപ്പിന്റെ ഹെവി മെറ്റൽ ഫുട്ബാൾ ശൈലിക്ക് ഏറ്റവും മികച്ച കളിക്കാരൻ. വിങ്ങുകളിൽ വേഗത കൊണ്ട് എതിർ പ്രതിരോധകാരെ കീഴടക്കാൻ മിടുക്കൻ. ഒട്ടും ശ്രദ്ധിക്കപ്പെടാതെ പോയ ചെൽസി നാളുകൾക്ക് രണ്ടാം വരവിൽ ലിവർപൂളിനൊപ്പം മറുപടി നൽകാൻ തീരുമാനിച്ചു തന്നെയാവും സലാഹിന്റെ വരവ്. ക്ലബ്ബ് റെക്കോർഡ് തുകയ്ക്കാണ് റോമയിൽ നിന്ന് സലാഹ് ആൻഫീൽഡിൽ എത്തുന്നത്.

ഡൊമിനിക് സോളങ്കി

ലിവർപൂളിൽ എത്തുന്ന രണ്ടാമത്തെ മുൻ ചെൽസി താരം. ചെൽസിയുടെ അക്കാദമിയിലൂടെ വളർന്നു വന്ന താരം സ്റ്റാംഫോഡ് ബ്രിഡ്ജിലെ അവസരങ്ങൾ കുറഞ്ഞതോടെയാണ് ലിവർപൂളിലേക്ക് കൂടുമാറുന്നത്. സ്‌ട്രൈക്കറായ സോളങ്കി പക്ഷെ സീനിയർ ലെവലിൽ ഇനിയും കഴിവ് തെളിയിക്കേണ്ടിയിരിക്കുന്നു. അണ്ടർ 21 ലോകകപ്പിലെ മികച്ച പ്രകടനം ആവർത്തിക്കാനായാൽ ക്ളോപ്പിന്റെ ടീമിലെ സ്ഥിരം സാനിധ്യമാവാൻ സോളങ്കിക്ക് കഴിഞ്ഞേക്കും.

 

ആൻഡ്രൂ റോബെട്ട്സൻ

ഹൾ സിറ്റിയിൽ നിന്ന് 10 മില്യൺ പൗണ്ടിന്റെ കരാറിലാണ് റോബെട്ട്സൻ ലിവർപൂളിൽ എത്തുന്നത്. കഴിഞ്ഞ സീസണിൽ ജെയിംസ് മിൽനറിനെ ലെഫ്റ്റ് ബാക്കായി കളിപ്പിച്ച ക്ളോപ്പിന് ഇത്തവണ റോബെട്ട്സൻ ഉണ്ടെങ്കിലും താരം എത്രത്തോളം ലിവർപൂളിന് അനുയോജ്യമായ കളികാരനാണെന്നു കണ്ടറിയേണ്ടിയിരിക്കുന്നു.

കുട്ടീഞ്ഞോ, ഫിർമിനോ, മാനെ സഘ്യം ഫോമിലെത്തുകകൂടി ചെയ്താൽ ലിവർപൂളിനെ പിടിച്ചു കെട്ടുക എന്നത് അസാധ്യമാവും. ലൂക്കാസ് ലെവ ക്ലബ്ബ് വിടുകയും ചെയ്തതോടെ പുതിയ ഒരു മധ്യ നിര താരവും വന്നേക്കും എന്നാണ് റിപ്പോർട്ടുകൾ. 

വാൻ ഡയ്ക്ക് അടക്കമുള്ള പ്രതിരോധ നിരകാരെ ടീമിലെത്തിക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും ലീഗ് കിരീടം നേടാൻ നിലവിലെ ടീമിന് ആകുമോ എന്നതാണ് വലിയ ചോദ്യം. നീണ്ട 27 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ ക്ളോപ്പിന്റെ യുവ രക്തങ്ങൾക്ക്  ആവുമോ ? കാത്തിരിക്കാം

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial