സ്ലാറ്റൻ തിരിച്ചെത്തി; നിറുത്തിയ അതേയിടത്തു നിന്നും

- Advertisement -

ഓൾഡ് ട്രാഫോഡിൽ ന്യൂകാസിലിനെതിരായ മത്സരത്തിലെ 77ആം മിനിറ്റിൽ ടച്ച് ലൈനിൽ കളത്തിലേക്ക് ഇറങ്ങാനായി ആ 36കാരൻ നിൽക്കുമ്പോൾ, തിങ്ങി നിറഞ്ഞ ഓൾഡ് ട്രാഫോഡിലെ കാണികൾ ഹർഷാരവങ്ങൾ മുഴക്കുന്നു. 22 വര്ഷങ്ങൾക് മുൻപ് ഓൾഡ് ട്രാഫോഡിൽ, “കന്റോണ കിക്കിന്” ലഭിച്ച വിലക്കിന് ശേഷം മടങ്ങിയെത്തിയ കിംഗ്‌ കന്റോണക്ക് ലഭിച്ച അതേ വരവേൽപ്പ് ഈ സ്വീഡിഷ് ഹീറോക്കും ലഭിച്ചിരിക്കുന്നു. സ്‍ലാറ്റൻ ഇബ്രാഹിമോവിച് 7 മാസത്തിന് ശേഷം വീണ്ടും പന്ത് തട്ടാൻ എത്തിയിരിക്കുന്നു.

കഴിഞ്ഞ ഏപ്രിലിൽ യൂറോപ്പ് ലീഗ് മത്സരത്തിനിടെയാണ് സ്‍ലാറ്റൻ ഇബ്രാഹിമോവിച്ചിന് പരിക്കേറ്റ്ത്, ഒരു വർഷം എങ്കിലും കളിക്കളത്തിൽ നിന്നും മാറി നിൽക്കണം എന്നു ഡോക്റ്റർമാർ വിധി എഴുതിയിടത്തു നിന്നും 7 മാസങ്ങൾ കൊണ്ടു പരിക്ക് മാറി തിരിച്ചെത്തിയിരിക്കുന്നു യുണൈറ്റഡിലെ ഈ ഹീറോ. സ്ലാറ്റന്റെ വാക്കുകൾ കടമെടുത്താൽ “Lions don’t recover like humans”. അവിശ്വസനീയം എന്നു തന്നെ പറയേണ്ടി വരും ഈ തിരിച്ചു വരവ്.

ഇബ്രാഹിമോവിച്ചിന് ഓരോ തവണ പന്ത് ലഭിക്കുമ്പോഴും ഓൾഡ് ട്രാഫോഡിൽ കാണികളുടെ ശബ്ദം മുഴങ്ങിക്കൊണ്ടിരുന്നു. താൻ നിര്ത്തിയിടത്തു തന്നെയാണ് തിരിച്ചു വന്നിരിക്കുന്നത് എന്നു തെളിയിക്കും വിധം ഒരു ആക്രോബാറ്റിക് ഷോട്ട് സ്ലാറ്റന്റെ ബൂട്ടിൽ നിന്നും പിറക്കുകയും ചെയ്തതോടെ ഓൾഡ് ട്രാഫോഡ് അക്ഷരാർത്ഥത്തിൽ ഇളകി മറിഞ്ഞു. ന്യൂകാസിൽ കീപ്പർ ഒരു ഡൈവിലൂടെ ആ പന്ത് തട്ടിയകറ്റിയില്ലായിരുന്നു എങ്കിൽ യുണൈറ്റഡ് സ്‌കോർ ഷീറ്റിൽ സ്ലാറ്റന്റെ പേരു കൂടെ ചേർക്കാൻ കഴിയുമായിരുന്നു.

തന്നെ എഴുതി തള്ളിയവർക്കും തന്റെ കാലം കഴിഞ്ഞു എന്ന് പറഞ്ഞവർക്കും ഉളള സ്ലാറ്റന്റെ മറുപടി, സ്‍ലാറ്റൻ പറയുന്നത് പോലെ “You think I’m done. But I’m just warming up.”

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement