
നിർണായകമായ പ്രീമിയർ ലീഗ് പോരാട്ടത്തിൽ ക്രിസ്റ്റൽ പാലസിന് വിജയം. റിലഗേഷൻ ഭീഷണിയിലായിരുന്ന ക്രിസ്റ്റൽ പാലസ് വൈരികളായ ബ്രൈറ്റണെയാണ് സ്വന്തം നാട്ടിൽ ഇന്ന് തോൽപ്പിച്ചത്. ആദ്യ 34 മിനുട്ടികളിൽ പെയ്ത ഗോൾ മഴയിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് പാലസ് വിജയിച്ചത്. പ്രീമിയർ ലീഗിൽ ഈ സീസണിൽ ആദ്യ പകുതിയിൽ അഞ്ചു ഗോളുകൾ വീണ ആദ്യ മത്സരവുമായി ഇത്.
വിൽഫ്രഡ് സാഹയുടെ ഇരട്ട ഗോളുകളാണ് പാലസിന് 3 പോയന്റ് നൽകിയത്. പ്രീമിയർ ലീഗിൽ ആദ്യമായാണ് സാഹ ഇരട്ട ഗോളുകൾ നേടുന്നത്. 2013ൽ ചാമ്പ്യൻഷിപ്പിൽ ബ്രൈറ്റണെതിരെ തന്നെ ആയിരുന്നു സാഹയുടെ ഇതിനു മുന്നേയുള്ള ഇരട്ടഗോൾ. 5,24 മിനുട്ടിലായിരുന്നു സാഹയുടെ ഗോളുകൾ. 14ആം മിനുട്ടിൽ ടോംകിൻസാണ് പാലസിന്റെ മറ്റൊരു ഗോൾ നേടിയത്.
18ആം മിനുട്ടിൽ മുറേയും 34ആം മിനുട്ടിൽ ഇസ്ക്യുയേർഡയുമാണ് ബ്രൈറ്റന്റെ ഗോളുകൾ നേടിയത്. ജയത്തോടെ 34 പോയന്റായ പാലസ് റിലഗേഷന്‍ ആറു പോയന്റ് ദൂരെയായി 15 സ്ഥാനത്താണ്. ബ്രൈറ്റൺ 35 പോയന്റുമായി 13ആം സ്ഥാനത്താണുള്ളത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial