കിടിലൻ ഗോളുകളുമായി യങ്ങും ലിംഗാർഡും, യുണൈറ്റഡിന് ജയം

- Advertisement -

6 ഗോളുകൾ പിറന്ന കിടിലൻ പോരാട്ടത്തിനൊടുവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വാട്ട് ഫോഡിനെതിരെ 2-4 ന്റെ മികച്ച ജയം. ആദ്യ പകുതിയിൽ എതിരില്ലാത്ത 3 ഗോളുകൾക്ക് യുണൈറ്റഡ് മുന്നിട്ട് നിന്നെങ്കിലും അവസാന മിനുട്ടുകളിൽ 2-3 എന്ന സ്കോറിൽ കളി എത്തിച്ച മാർക്കോസ് സിൽവയുടെ ടീം സമനില നേടുമെന്ന തോന്നൽ ഉണ്ടാക്കിയിരിക്കെ ജെസി ലിംഗാർഡ് നേടിയ ലോകോത്തര ഗോൾ യുണൈറ്റഡിന്റെ ജയം ഉറപ്പിക്കുകയായിരുന്നു. യുണൈറ്റഡിനായി ആഷ്‌ലി യങ് രണ്ടു ഗോളുകൾ നേടി. മാർശിയാലാണ് മറ്റൊരു ഗോൾ നേടിയത്. വാട്ട്ഫോഡിനായി ഡീനി, ടികൊറേ എന്നിവരാണ് ഗോളുകൾ നേടിയത്.

ലൈനപ്പിൽ മാറ്റങ്ങളുമായാണ് മൗറീഞ്ഞോ ഇത്തവണ ടീമിനെ ഇറക്കിയത്. ലിണ്ടലോഫ്, സ്മാളിംഗ്, റോഹോ എന്നിവരെ ബാക്ക് ലൈനിൽ കളിപ്പിച്ച മൗറീഞ്ഞോ വലൻസിയയെയും യങ്ങിനെയും വിങ് ബാക്ക് പൊസിഷനിലാണ് കളിപ്പിച്ചത്. വാട്ട് ഫോർഡ് അവസാന കളിയിൽ എന്ന പോലെ റിച്ചാർലിസൻ, ഗ്രേ, ഹ്യുജ്‌സ് എന്നിവരെ ആക്രമണ നിരയിൽ അണിനിരത്തി. ആദ്യ 15 മിനുറ്റ് വാട്ട്ഫോർഡ് നന്നായി കളിച്ചെങ്കിലും പിന്നീടങ്ങോട്ട് യുണൈറ്റഡ്‌ മത്സരത്തിന്റെ പരിപൂർണ്ണ നിയന്ത്രണം ഏറ്റെടുത്തു. 19 ആം മിനുട്ടിലാണ് യുണൈറ്റഡ് ആദ്യ ഗോൾ സ്വന്തമാക്കിയത്. ലിംഗാര്ഡിന്റെ പാസിൽ യങ്ങിന്റെ മികച്ചൊരു ഫിനിഷ്. 25 ആം മിനുട്ടിൽ പോഗ്ബയെ ഫൗൾ ചെയ്തതിന് ലഭിച്ച ഫ്രീകിക്ക് എടുത്തത് യങ്, ഇത്തവണയും മനോഹരമായ ഫിനിഷിൽ പന്ത് വാട്ട് ഫോർഡ് പോസ്റ്റിന്റെ മൂലയിൽ എത്തിച് 2012 ന് ശേഷം ഒരേ മത്സരത്തിൽ 2 ഗോളുകൾ എന്ന നേട്ടം യങ് സ്വന്തമാക്കി. 32 ആം മിനുട്ടിൽ ലുകാകുവിന്റെ പാസ്സ് മാർഷിയാൽ വലയിലാക്കിയതോടെ ആദ്യ പകുതിയിൽ തന്നെ വാട്ട് ഫോർഡ് മൂന്ന് ഗോളിന് പിറകിലായി. ഹാൾഫ് ടൈമിനു പിരിയും മുൻപേ യുണൈറ്റഡ് നാലാം ഗോളിന് അരികിൽ എത്തിയെങ്കിലും വാട്ട് ഫോർഡ് ഗോളി ഗോമസിന്റെ ഡബിൾ സേവ് അവരെ രക്ഷിച്ചു. റിച്ചാർലിസന്റെ ഒരു ഹെഡ്ഡർ യുണൈറ്റഡ് പോസ്റ്റിൽ തട്ടി മടങ്ങിയതൊഴിച്ചാൽ ആദ്യ പകുതിയിൽ മാർക്കോ സിൽവയുടെ ടീമിന് കാര്യമായി ഒന്നും ചെയ്യാനായില്ല.

രണ്ടാം പകുതിയിൽ മാറ്റങ്ങൾ ഇല്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയതെങ്കിലും 54 ആം മിനുട്ടിൽ മാറ്റിച് പരിക്കേറ്റതോടെ ഹെരേറെയും വാട്ട് ഫോർഡ് താരം ഹ്യുജ്‌സിന് പകരം പെരേരയും ഇറങ്ങി. 72 ആം മിനുട്ടിൽ ട്രോയ് ഡീനിയും ഇറങ്ങിയതോടെ വാട്ട്ഫോഡിന്റെ കളി മാറി. 77 ആം മിനുട്ടിൽ പെരേരയെ റോഹോ ബോക്സിൽ വീഴ്ത്തിയതോടെ വാട്ട് ഫോഡിന് പെനാൽറ്റി ലഭിച്ചു, കിക്കെടുത്ത ഡീനി ഗോളാക്കിയതോടെ മത്സരം വീണ്ടും ഉണർന്നു. ഏറെ വൈകാതെ ടികൊറേ വാട്ട് ഫോഡിന്റെ രണ്ടാം ഗോൾ നേടി മത്സരത്തിന്റെ അവസാന 7 മിനുട്ടുകൾക്ക് യുണൈറ്റഡിന് ദുഷ്കരമാക്കുമെന്ന തോന്നൽ ഉണ്ടാകിയെങ്കിലും ജെസി ലിംഗാർഡ് സോളോ ഗോളിലൂടെ യുണൈറ്റഡിന്റെ നാലാം ഗോൾ നേടി. മത്സരത്തിൽ പിറന്ന ഏറ്റവും മികച്ച ഗോളും അതായിരുന്നു.

ജയത്തോടെ 32 പോയിന്റുള്ള യുണൈറ്റഡിന് സിറ്റിയുമായുള്ള ദൂരം 5 പോയിന്റായി കുറക്കാനായി. സിറ്റി സൗത്താംപ്ടനെതിരെ ജയിച്ചാൽ അവർക്ക് 8 പോയിന്റ് പുനഃസ്ഥാപിക്കാനാവും. 21 പോയിന്റുള്ള വാട്ട് ഫോർഡ് 8 ആം സ്ഥാനത്താണ്‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement