മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ച് വോൾവ്സ് പ്രീമിയർ ലീഗ് ഏഷ്യ ചാമ്പ്യൻസ്

പെനാൽറ്റി ഷൂട്ട് ഔട്ടിൽ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ച് വോൾവ്സ് പ്രീമിയർ ലീഗ് ഏഷ്യ ട്രോഫി സ്വന്തമാക്കി. ഗോൾ രഹിതമായ മത്സരത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ 3-2ന് ജയിച്ചാണ് വോൾവ്സ് മാഞ്ചസ്റ്റർ സിറ്റിയെ മറികടന്നത്. മൂന്ന് പെനാൽറ്റി കിക്കുകൾ രക്ഷപ്പെടുത്തിയ ഗോൾ കീപ്പർ പാട്രിസിയോ ആണ് വോൾവ്സിന്റെ ഹീറോയായത്.

മാഞ്ചസ്റ്റർ സിറ്റിയുടെ ഗുണ്ടോഗൻ, ഡേവിഡ് സിൽവ, എൻമേച്ച എന്നിവരുടെ കിക്കുകളാണ് പാട്രിസിയോ രക്ഷപെടുത്തിയത്. സിറ്റിക്ക് വേണ്ടി ഡാനിലോയും ഗാർസിയയുമാണ് പെനാൽറ്റി ഗോളാക്കിയത്. വോൾവ്‌സിന് വേണ്ടി ബെന്നറ്റും പെറിയും വിനഗ്രെയുമാണ് ഗോളുകൾ നേടിയത്.

മത്സരത്തിന്റെ തുടക്കം മുതൽ മാഞ്ചസ്റ്റർ സിറ്റിയാണ് അവസരങ്ങൾ ലഭിച്ചത്. തുടർന്ന് അവർക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി റഹീം സ്റ്റെർലിങ് പുറത്തടിച്ച് കളയുകയായിരുന്നു. സനേയെ ട്രയോറെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റിയാണ് സ്റ്റെർലിങ് നഷ്ടപ്പെടുത്തിയത്.