എഫ്.എ കപ്പിൽ ലിവർപൂളിന് ഞെട്ടിക്കുന്ന തോൽവി, പ്രമുഖർ മുന്നോട്ട്

എഫ്.എ കപ്പിൽ ലിവർപൂൾ അപ്രതീക്ഷിത തോൽവി വഴങ്ങി പുറത്തായപ്പോൾ ആർസനൽ, ചെൽസി, ടോട്ടനം, മാഞ്ചസ്റ്റർ ടീമുകൾ അടുത്ത റൗണ്ടിലേക്ക് കടന്നു. ചാമ്പ്യൻഷിപ്പ് ടീമായ വോൾവ്സാണ് ആൻഫീൾഡിൽ ലിവർപൂളിനെ 2-1 നു അട്ടിമറിച്ചത്. ആദ്യ മിനിറ്റിൽ തന്നെ ഡ്‌റ്റെർമാനിലൂടെ മുന്നിലെത്തിയ വോൾവ്സ് ലിവർപൂളിനെ ഞെട്ടിച്ചു. ആദ്യ പകുതിക്ക് മുമ്പ് വൈമാനിലൂടെ ലീഡുയർത്തിയ അവർ മത്സരത്തിലൂടെ നീളം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മത്സരത്തിൻ്റെ അവസാന നിമിഷങ്ങളിൽ ഒറിഗിയാണ് ലിവർപൂളിൻ്റെ ആശ്വാസ ഗോൾ നേടിയത്. ഏതാണ്ട് ഒരു വർഷക്കാലം സ്വന്തം മൈതാനത്ത് തോൽവിയറിയാതിരുന്ന ലിവർപൂൾ ഇത് തുടർച്ചായ മൂന്നാം മത്സരത്തിലാണ് ആൻഫീൾഡിൽ തോൽക്കുന്നത്. ഇതോടെ അടുത്ത ആഴ്ച്ച ചെൽസിയെ നേരിടാനൊരുങ്ങുന്ന ക്ലോപ്പിനും സംഘത്തിനും മേൽ സമ്മർദ്ദം ഏറും. അവസാന നിമിഷങ്ങളിൽ കണ്ടത്തിയ 2 ഗോളുകളാണ് മറ്റൊരു അട്ടിമറിയിൽ നിന്ന് ടോട്ടനത്തെ രക്ഷിച്ചത്.

 

ആവേശകരമായ മത്സരത്തിൽ 4-3 നായിരുന്നു വൈകോമ്പ് വാണ്ടേർസിനെതിരെ രണ്ടാം നിര ടീമുമായിറങ്ങിയ ടോട്ടനത്തിൻ്റെ ജയം. ടോട്ടനത്തിനായി സോൻ ഇരട്ട ഗോൾ നേടിയപ്പോൾ യാൻസൺ, ഡെലെ അലി എന്നിവർ മറ്റ് രണ്ട് ഗോൾ കണ്ടത്തി.

എഫ്.എ കപ്പിൽ ആർസനൽ, ചെൽസി, മാഞ്ചസ്റ്റർ സിറ്റി ടീമുകൾ വലിയ ജയമാണ് സ്വന്തമാക്കിയത്. ക്രിസ്റ്റൽ പാലസിനെ യായ ടോറെ, സ്റ്റെർലിങ്, സാനെ എന്നിവരുടെ ഗോളിൽ 3-0 ത്തിനായിരുന്നു മാഞ്ചസ്റ്റർ സിറ്റി മറികടന്നത്. ചാമ്പ്യൻഷിപ്പ് ക്ലബായ ബ്രൻ്റ്ഫോർഡിനെ മികച്ച ഫോമിലുള്ള ചെൽസി നിലം തൊടീച്ചില്ല. പെഡ്രോ, വില്യൻ, ഇവനോവിച്ച് എന്നിവർ ഗോൾ കണ്ടത്തിയപ്പോൾ എതിരില്ലാത്ത 4 ഗോളുകൾക്കായിരുന്നു ചെൽസി ജയം. പരിക്കിൽ നിന്ന് മടങ്ങിയെത്തിയ ഡാനി വെൽബക്ക്, തിയോ വാൽകോട്ട് എന്നിവരുടെ ഗോളുകൾക്കാണു ആർസനൽ സൗത്താപ്റ്റനെ മറികടന്നത്. ഇരു ടീമുകളും വലിയ മാറ്റങ്ങളുമായി കളിക്കാനിറങ്ങിയ മത്സരത്തിൽ തിയോ വാൽകോട്ട് ഹാട്രിക് നേടിയപ്പോൾ വെൽബക്ക് ഇരട്ടഗോളുകൾ നേടിയപ്പോൾ എതിരില്ലാത്ത 5 ഗോളുകൾക്കായിരുന്നു ആർസനൽ ജയം.

 

നിലവിലെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലെസ്റ്റർ സിറ്റി ചാമ്പ്യൻഷിപ്പ് ടീമായ ഡർബി കൗണ്ടിയോട് 2-2 നു സമനില വഴങ്ങി. ഇതോടെ രണ്ടാം പാദത്തിലാവും വിജയിയെ കണ്ടത്തുക. മറ്റ് മത്സരങ്ങളിൽ ബേർൺലി, മിഡിൽസ്ബ്രോ ടീമുകൾ ജയം കണ്ടപ്പോൾ ന്യൂ കാസ്റ്റിൽ, ബ്രൈറ്റൻ തുടങ്ങിയ പ്രമുഖ ചാമ്പ്യൻഷിപ്പ് ടീമുകൾ എഫ്.എ കപ്പിൽ നിന്ന് പുറത്തായി. ഇന്ന് നടക്കുന്ന എഫ്.എ കപ്പ് മത്സരങ്ങളിൽ മിൽവാൽ വാട്ഫോർഡിനേയും ഫുൾഹാം ഹൾ സിറ്റിയേയും നേരിടുമ്പോൾ വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് വീഗൻ അത്ലെറ്റിക്കാണ് എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 9.30 ന് ഓൾഡ് ട്രാഫോഡിലാണ് ഈ മത്സരം നടക്കുക.

Previous articleലീഗിൽ ഒന്നാമതെത്താൻ ഈസ്റ്റ് ബംഗാൾ മിനേർവക്കെതിരെ
Next articleപന്ത് തട്ടാൻ എംഎസ്പി വിളിക്കുന്നു, കളിക്കാൻ ജീ.വി രാജയും സ്പോർട്സ് ഡിവിഷനും