നായകനായി വില്ല്യൻ!! ഹാട്രിക്ക് അസിസ്റ്റ്, ആഴ്സണലിന് സ്വപ്ന തുടക്കം

Newsroom

പ്രീമിയർ ലീഗിന്റെ പുതിയ സീസണ് ആഴ്സണലിന്റെ തകർപ്പൻ വിജയത്തോടെ തുടക്കം. ഇന്ന് ക്രേവൻ കോട്ടേജിൽ വെച്ച് ലീഗിലെ ആദ്യ മത്സരത്തിൽ ഫുൾഹാമിനെ നേരിട്ട ആഴ്സണൽ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വലിയ വിജയം തന്നെയാണ് നേടിയത്. അർട്ടേറ്റയുടെ രണ്ട് പുതിയ സൈനിംഗുകളും ഗംഭീര പ്രകടനവുമായി ഇത് പുതിയ ആഴ്സണലാണെന്ന സൂചനകൾ ഇന്ന് നൽകി.

പുതിയ സൈനിംഗ് ആയ ഡിഫൻഡർ ഗബ്രിയേൽ ഒരു ഗോൾ നേടിയപ്പോൾ ചെൽസിയിൽ നിന്ന് എത്തിയ വില്ല്യൻ മൂന്ന് അസിസ്റ്റുകളുമായാണ് തിളങ്ങിയത്. മത്സരം തുടങ്ങി എട്ടാം മിനുട്ടിൽ തന്നെ ആഴ്സണൽ ലീഡ് എടുത്തു. വില്യന്റെ ഷോട്ടിൽ നിന്ന് ലഭിച്ച റീബൗൺ ഒരു ടാപിന്നിലൂടെ വലയിൽ എത്തിച്ചായിരുന്നു ലകാസെറ്റ് ആദ്യ ഗോൾ നേടിയത്. 49ആം മിനുട്ടിൽ ആണ് ഗബ്രിയേൽ തന്റെ അരങ്ങേറ്റത്തിൽ തന്നെ ആഴ്സണലിനായി ഗോൾ നേടിയത്‌.

വില്യന്റെ കോർണർ ഒരു ഫ്രീ ഹെഡറിലൂടെ ഗബ്രിയേൽ വലയിൽ എത്തിക്കുക ആയിരുന്നു. 59ആം മിനുട്ടിൽ ഒബാമയങ്ങിന്റെ വക ആയിരുന്നു ആഴ്സണലിന്റെ മൂന്നാം ഗോൾ. വില്യന്റെ പാസ് സ്വീകരിച്ച ഒബാമയങ്ങ് മികച്ച ഒരു ഫിനിഷിലൂടെ ആണ് മൂന്നാം ഗോൾ നേടിയത്. ഈ ഗോളിന് ശേഷവും നിരവധി അവസരങ്ങൾ ആഴ്സണൽ സൃഷ്ടിച്ചു. എങ്കിലും നാലാം ഗോൾ പിറന്നില്ല.