മോയസിന് ഇത്തവണയും ജയിക്കാനായില്ല, ലെസ്റ്ററിനെതിരെ സമനില

- Advertisement -

വെസ്റ്റ് ഹാം പരിശീലകനായി ചുമതലയേറ്റ ശേഷമുള്ള രണ്ടാം മത്സരത്തിലും ഡേവിഡ് മോയസിന് ജയിക്കാനായില്ല. പക്ഷെ ഇത്തവണ സമനില നേടി ആദ്യ പോയിന്റ് സ്വന്തമാക്കാൻ മോയസിന്റെ ടീമിനായി. ലെസ്റ്ററിനെതിരെ 1-1 ന്റെ സമനില നേടിയാണ് വെസ്റ്റ് ഹാം മോയസിന്റെ കീഴിലെ ആദ്യ പോയിന്റ് സ്വന്തമാക്കിയത്. ലെസ്റ്ററിനായി മാർക് ആൽബ്രയ്ട്ടനും വെസ്റ്റ് ഹാമിനായി ചീക് കുയാറ്റെയും ഗോളുകൾ നേടി.

മത്സരത്തിന്റെ 8 ആം മിനുട്ടിൽ തന്നെ ലെസ്റ്റർ ലീഡ് നേടി. വാർഡി ബോക്സിലേക്ക് നൽകിയ പാസ്സിൽ നിന്ന് ആൽബ്രയ്ട്ടൻ ലെസ്റ്ററിനെ മുന്നിൽ എത്തിച്ചു. ലീഡ് വഴങ്ങിയ വെസ്റ്റ് ഹാം സെറ്റ് പീസുകളിൽ നിന്ന് മികച്ച ഏതാനും അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ കണ്ടെത്താനായില്ല. പക്ഷെ ആദ്യ പകുതിക്ക് തൊട്ട് മുൻപേ ചീക് കുയാറ്റെ വെസ്റ്റ് ഹാമിന്റെ സമനില ഗോൾ കണ്ടെത്തി. ലൻസീനി എടുത്ത മികച്ചൊരു കോർണറിൽ നിന്നാണ് ചീക് കുയാറ്റെ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ വെസ്റ്റ് ഹാം ആണ് ആധിപത്യം പുലർത്തിയതെങ്കിലും അവർക്ക് വിജയ ഗോൾ നേടാനായില്ല. എങ്കിലും ലണ്ടൻ സ്റ്റേഡിയത്തിൽ മോയസിന് കീഴിലെ ആദ്യ ഗോൾ കണ്ടെത്തിയ വെസ്റ്റ് ഹാം നിരക്ക് ഇത് വരും മത്സരങ്ങളിൽ ഊർജമാവും എന്ന് ഉറപ്പാണ്.

13 മത്സരങ്ങൾ പിന്നിട്ടപ്പോൾ വെസ്റ്റ് ഹാം 10 പോയിന്റുമായി 18 ആം സ്ഥാനത്താണ്‌. 14 പോയിന്റുള്ള ലെസ്റ്റർ 11 ആം സ്ഥാനത്തും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement