19കാരന്റെ ഒറ്റയടിയിൽ എമിറെയും ആഴ്സണലും വീണും

ലണ്ടൺ ഡെർബിയിൽ ആഴ്സണലിന് പരാജയം. ഇന്ന് വെസ്റ്റ് ഹാമിനെ എവേ മത്സരത്തിൽ നേരിട്ട ആഴ്സണൽ ഏക ഗോളിനാണ് പരാജയപ്പെട്ടത്. മെസൂറ്റ് ഓസിലിനെ ഇന്നും പുറത്ത് ഇരുത്തി ഇറങ്ങിയ ആഴ്സണൽ പരിശീലകൻ എമിറെ നിരവധി വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയേക്കും. കളിയിൽ വെസ്റ്റ് ഹാം ആദ്യ പകുതിയിൽ തന്നെ തങ്ങൾ തുല്യ ശക്തികൾ ആണെന്ന് തെളിയിക്കുന്ന പ്രകടനം കാഴ്ചവെച്ചു.

രണ്ടാം പകുതിയിൽ 19കാരനായ ഡെക്ലൻ റൈസ് ആണ് കളിയിലെ ഏക ഗോൾ വെസ്റ്റ് ഹാമിനായി നേടിയത്. യുവതാരത്തിന്റെ ആദ്യ പ്രീമിയർ ലീഗ് ഗോളാണിത്. ആ ഗോളിന് പകരം ഒരു ഗോൾ അടിക്കാൻ ആഴ്സണലിന് ആയില്ല. ആഴ്സണൽ അറ്റാക്കുകളെ സമർത്ഥമായി നേരിടാൻ പെലിഗ്രിനിയുടെ വെസ്റ്റ് ഹാമിനായി. ഇരു ടീമുകളും ഏറ്റുമുട്ടിയ അവസാന 24 മത്സരങ്ങളിൽ ഇത് രണ്ടാം തവണ മാത്രമാണ് വെസ്റ്റ് ഹാം വിജയിക്കുന്നത്.

ഈ പരാജയം ആഴ്സണലിന് വൻ തിരിച്ചടിയാണ്. ഇപ്പോൾ അഞ്ചാം സ്ഥാനത്തുള്ള ആഴ്സണലിന് ആകെ മൂന്ന് പോയന്റിന്റെ വ്യത്യാസം മാത്രമെ ആറാ സ്ഥാനവുമായി ഉണ്ടായിരുന്നുള്ളൂ. അടുത്ത മത്സരം ആറാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചാൽ ഇരുടീമുകൾക്കും തുല്യ പോയന്റാകും.