Screenshot 20220828 204359 01

ഒടുവിൽ വെസ്റ്റ് ഹാം ജയിച്ചു! പ്രീമിയർ ലീഗിൽ വില്ലയെ ഒരു ഗോളിന് മറികടന്നു ഹാമേഴ്‌സ്

ജെറാർഡിന്റെ വില്ലക്ക് നാലാം ലീഗ് മത്സരത്തിൽ മൂന്നാം തോൽവി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒടുവിൽ ഒരു മത്സരം ജയിച്ചു ഡേവിഡ് മോയസിന്റെ വെസ്റ്റ് ഹാം. കളിച്ച മൂന്നു കളികളിലും ഒരു ഗോൾ പോലും നേടാതിരുന്ന അവർ ഇന്ന് ആസ്റ്റൺ വില്ലക്ക് എതിരെ എതിരില്ലാത്ത ഒരു ഗോളിന് ആണ് ജയിച്ചത്. അന്റോണിയോക്ക് പകരക്കാരനായി ഇറ്റാലിയൻ താരം സ്കമാക്കക്ക് ആദ്യ പതിനൊന്നിൽ ഇടം നൽകിയാണ് വെസ്റ്റ് ഹാം കളത്തിൽ ഇറങ്ങിയത്. ഏതാണ്ട് വിരസമായ മത്സരത്തിൽ ആദ്യ പകുതിയിൽ വലിയ അവസരം ഒന്നും ഇരു ടീമുകളും തുറന്നില്ല.

രണ്ടാം പകുതിയിൽ വെസ്റ്റ് ഹാം കൂടുതൽ അവസരങ്ങൾ ഉണ്ടാക്കി. എന്നാൽ ഒന്നും മാർട്ടിനസിനെ പരീക്ഷിക്കുന്നത് ആയില്ല. 74 മത്തെ മിനിറ്റിൽ ഭാഗ്യം വെസ്റ്റ് ഹാമിനു തുണയായപ്പോൾ അവർ വിജയ ഗോൾ കണ്ടത്തി. ഡക്ളൻ റൈസിന്റെ പാസിൽ നിന്നു ബോക്സിന് പുറത്ത് നിന്ന് പാബ്ലോ ഫോർണാലസിന്റെ ഷോട്ട് വില്ല പ്രതിരോധ താരത്തിന്റെ ദേഹത്ത് തട്ടി ഗോൾ ആവുക ആയിരുന്നു. തുടർന്ന് സമനില കണ്ടത്താനുള്ള വില്ല ശ്രമങ്ങൾ ജയം കണ്ടില്ല. ലീഗിലെ നാലാം മത്സരത്തിൽ മൂന്നാം പരാജയം വഴങ്ങിയ സ്റ്റീവൻ ജെറാർഡിന്റെ വില്ലയെ കൂവലോടെയാണ് വില്ല പാർക്കിലെ ആരാധകർ ഇന്ന് മടക്കി അയച്ചത്.

Exit mobile version