വെങ്ങർ ഇൻ

- Advertisement -

അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ആർസെൻ വെങ്ങർ ആഴ്സണലുമായുള്ള കരാർ പുതുക്കി. കരാർ പ്രകാരം 2019 വരെ വെങ്ങർ തന്നെയാവും ലണ്ടൻ ക്ലബ്ബിന്റെ പരിശീലകൻ.

വെങ്ങർ പരിശീലകനായി തുടരുന്നതിൽ ഒരു വിഭാഗം ആർസെനൽ ബോർഡ് അംഗങ്ങൾക്കും ആരാധകർക്കും എതിർപ്പ് ഉണ്ടായിരുന്നെങ്കിലും ക്ലബ്ബിന്റെ ഉന്നത സംഘം വെങ്ങർക്ക് ഒരു അവസരം കൂടി നൽകുകയായിരുന്നു. ഈ സീസണിൽ പ്രീമിയർ ലീഗിൽ ദയനീയ പ്രകടനം നടത്തിയ ആർസെനൽ 5 ആം സ്ഥാനത്താണ്‌ ലീഗ് അവസാനിപ്പിച്ചത്‌. അടുത്ത വർഷം ചാമ്പ്യൻസ് ലീഗ് യോഗ്യതയും ഇല്ല. ഈ ഘട്ടത്തിൽ വെങ്ങർ ആഴ്സണൽ വിട്ടേക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നെങ്കിലും എഫ് എ കപ്പ് ഫൈനലിൽ ചെൽസിയെ തകർത്ത് കപ്പ് നേടാനായത് വെങ്ങർക്ക് ആശ്വാസമായി. ഒരു പക്ഷെ ഈ കിരീടം നേടിയില്ലായിരുന്നെങ്കിൽ വെങ്ങർക്ക് ലണ്ടൻ വിടേണ്ടി വന്നേനെ.

സീസണിൽ ഉടനീളം ഒരു വിഭാഗം ആഴ്സണൽ ആരാധകരിൽ നിന്ന് കടുത്ത എതിർപ്പാണ് വെങ്ങർ നേരിട്ടത്. പരസ്യമായി വെങ്ങറോട് ക്ലബ്ബ് വിടാൻ ആവശ്യപ്പെടുന്നതിൽ എത്തി കാര്യങ്ങൾ. ഇതേ ആരാധകരെ കൂടെ നിർത്തുക എന്നതാവും വരുന്ന സീസണുകളിൽ വെങ്ങർ നേരിടുന്ന പ്രധാന വെല്ലുവിളി. കൂടാതെ ചാമ്പ്യൻസ് ലീഗ് ഇല്ലാത്ത സ്ഥിതിയിൽ സൂപ്പർ താരങ്ങളായ സാഞ്ചസ് , ഓസിൽ എന്നിവരെ ക്ലബ്ബിൽ തന്നെ പിടിച്ചു നിർത്തുക എന്നതും ഫ്രഞ്ചുകാരന് കനത്ത വെല്ലുവിളിയാവും.

Advertisement