വെങ്ങർ @ 800, സ്വാൻസിയെ മറികടന്ന് ആഴ്‌സണൽ

ആർസെൻ വെങ്ങറിന്റെ പ്രീമിയർ ലീഗിലെ 800മത്തെ മത്സരത്തിൽ പൊരുതി നിന്ന സ്വാൻസി സിറ്റിയെ രണ്ടാം പകുതിയിലെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ മറികടന്ന് ആഴ്സണലിന്‌ ജയം.  810 മത്സരങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരിശീലിപ്പിച്ച അലക്സ് ഫെർഗുസൺ മാത്രമാണ് വെങ്ങറിന് മുൻപിലുള്ളത്. ആദ്യ പകുതി പിന്നിടുമ്പോൾ ഒരു ഗോളിന് പിന്നിട്ട് നിന്ന ആഴ്‌സണൽ രണ്ടാം പകുതിയിൽ രണ്ട് ഗോളടിച്ചാണ് വിജയം സ്വന്തമാക്കിയത്.

കളിയുടെ ഒഴുക്കിന് വിപരീതമായി ആഴ്‌സണലിനെ ഞെട്ടിച്ച് സ്വാൻസിയാണ് ആദ്യ ഗോൾ നേടിയത്.  ടാമി അബ്രഹാമിന്റെ മികച്ചൊരു പാസിൽ നിന്ന് ക്ലൂകസ് ആണ് ഗോൾ നേടിയത്. തുടർന്ന് ഇരു ടീമുകൾക്കും ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും ഗോൾ പോസ്റ്റിന്റെ മുൻപിൽ  പീറ്റർ ചെക്കിന്റെയും ഫാബിയാൻസ്കിയുടെയും മികച്ച പ്രകടനം ഗോൾ നേടുന്നതിൽ നിന്ന് ഇരു ടീമുകളെയും തടഞ്ഞു.

രണ്ടാം പകുതിയിൽ ശക്തമായ പ്രകടനം പുറത്തെടുത്ത ആഴ്‌സണൽ 51ആം മിനുറ്റിൽ കൊലാസിനാകിലൂടെ മത്സരത്തിൽ സമനില പിടിച്ചു. ഓസിലിന്റെ ഷോട്ട് ബ്ലോക്ക് ചെയ്തതിൽ നിന്ന് ലഭിച്ച പന്ത് വലയിലാക്കിയാണ് കൊലാസിനാക് ആഴ്‌സണലിനു സമനില നേടി കൊടുത്തത്. തുടർന്ന് 58ആം മിനുറ്റിൽ ആരോൺ റാംസിയിലൂടെ ആഴ്‌സണൽ മത്സരത്തിൽ ലീഡ് നേടി.  മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ കൊലാസിനിക് നൽകിയ പാസ് ഗോളാക്കിയാണ് ആഴ്‌സണൽ  മത്സരത്തിൽ ലീഡ് നേടിയത്.

മൂന്നാമത്തെ ഗോൾ നേടാനുള്ള അവസരം ആഴ്‌സണലിന് ലഭിച്ചെങ്കിലും ബെല്ലെറിനിന്റെ ഷോട്ട് സ്വാൻസീ ബാറിൽ തട്ടി തെറിക്കുകയായിരുന്നു.  അവസാന മിനിറ്റുകളിൽ സ്വാൻസി ആഴ്‌സണൽ ഗോൾ മുഖത്തു നിരന്തരം ആക്രമണം അഴിച്ചുവിട്ടെങ്കിലും ആഴ്‌സണൽ വിലപ്പെട്ട മൂന്ന് പോയിന്റ് സ്വന്തമാക്കുകയായിരുന്നു. ജയത്തോടെ പോയിന്റ് പട്ടികയിൽ ചെൽസിക്ക് തൊട്ടു പിറകിലെത്താനും ആഴ്സണലിനായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleജി വി രാജ ടൂർണമെന്റിൽ ഇന്നാദ്യ സെമി, ബെംഗളൂരു എഫ് സി ഇന്ത്യൻ നേവിക്കെതിരെ
Next articleബ്ലാസ്റ്റേഴ്സിനെതിരെ ഗോളടിച്ചാലും ആഘോഷിക്കില്ല എന്ന് ബെൽഫോർട്ട്