വെങ്ങർ VS മൗറീഞ്ഞോ; എമിറേറ്റ്‌സിൽ ഇന്ന് പോരാട്ടം കടുക്കും

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് കടുത്ത പോരാട്ടം. രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് നാലാം സ്ഥാനക്കാരായ അർസനലിനെ നേരിടും. കഴിഞ്ഞ സീസണിൽ ഇരു ടീമുകളും എമിറേറ്റസിൽ ഏറ്റുമുട്ടിയപ്പോൾ അർസനലിന്‌ ആയിരുന്നു വിജയം, അതിനു പകരം വീട്ടാനായിരിക്കും മൗറിഞ്ഞോ ഇറങ്ങുക.

കഴിഞ്ഞ ട്രാൻസ്‌ഫർ വിൻഡോയിൽ റെക്കോർഡ് തുക മുടക്കി കൊണ്ടുവന്ന ലകസേറ്റ ഇല്ലാതെയായിരിക്കും അർസനൽ ഇറങ്ങുക. പരിക്ക് മൂലം ഫ്രഞ്ച് താരം വിശ്രമത്തിൽ ആണ്. എന്നാൽ ഒസിൽ-സാഞ്ചസ് സഖ്യം മികച്ച ഫോമിലേക്ക് തിരിച്ചെത്തിയാത് വെങ്ങറിന് ആശ്വാസം പകരുന്നതാണ്.

ലുകാകുവിന്റെ മോശം ഫോം ആണ് മൗറിഞ്ഞോയെ അലട്ടുന്നത്. കഴിഞ്ഞ 10 മത്സരങ്ങളിൽ ഒരു ഗോൾ മാത്രമാണ് ഈ ബെൽജിയൻ താരം സ്വന്തമാക്കിയത്. ടീമിനോടൊപ്പം യാത്ര ചെയ്യുന്നുണ്ട് എങ്കിലും മാറ്റിച് കളിക്കുമോ എന്ന കാര്യവും സംശയത്തിൽ ആണ്. ലുകാകുവിനോടൊപ്പം മാർഷ്യലിനെയും റാഷ്ഫോഡിനെയും ഇറക്കിയാവും മൗറിഞ്ഞോ ടീമൊരുക്കുക. മധ്യനിരയിൽ പോഗ്ബക്കൊപ്പം മാറ്റിച് അല്ലെങ്കിൽ ഹെരേര ആയിരിക്കും ഇറങ്ങുക. മികച്ച ഫോമിലുള്ള യങ്ങിന് ലെഫ്റ്റ് ബാക്കിൽ സ്ഥാനം ഉറപ്പാണ്. ലിൻഡാലോഫ്-സമാലിങ്ങ് സഖ്യം ആയിരിക്കും സെന്റർബാക്കിൽ ഉണ്ടാവുക, വലത് ബാക്കിൽ ക്യാപ്റ്റൻ വലൻസിയക്ക് ആയിരിക്കും സ്ഥാനം.

സിറ്റിയുമായുള്ള പോയിന്റ് വ്യത്യാസം കൂടാതെ ഇരിക്കണമെങ്കിൽ യുണൈറ്റഡിന് ഇന്ന് വിജയിച്ചേ മതിയാവൂ, നാലിൽ നിന്നും മുന്നേറണം എങ്കിൽ അർസനലിനും. മൗറിഞ്ഞോ-വെങ്ങർ ടാക്ടിക്‌സ് പോരാട്ടം നടക്കുന്ന ഇന്ന് കിക്കോഫ് ഇന്ത്യൻ സമയം രാത്രി 11ന് ആണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement