വെംബ്ലിയിൽ സ്പർസിനെയും വീഴ്ത്തി കിരീടത്തിന് അരികെ മാഞ്ചസ്റ്റർ സിറ്റി

- Advertisement -

മൂന്ന് തുടർ പരാജയങ്ങളുടെ ക്ഷീണം ടോട്ടൻഹാമിന്റെ നെഞ്ചത്ത് തീർത്ത് മാഞ്ചസ്റ്റർ സിറ്റി. ഇന്ന് ടോട്ടൻഹാമിന്റെ ഹോമായ വെംബ്ലിയിൽ നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് സിറ്റി വിജയിച്ചത്. ജയത്തോടെ മാഞ്ചസ്റ്റർ സിറ്റിയുടെ കിരീടം ഒരു വിജയത്തിനരികിലായി.

അഗ്വേറയുടെ അഭാവത്തിൽ സിറ്റി മുന്നേറ്റ നിരയുടെ ചുമതലയേറ്റെടുത്ത ജീസുസ് ആണ് സിറ്റിക്ക് ആദ്യ ലീഡ് നൽകിയത്. 22ആം മിനുട്ടിൽ കമ്പനി കൊടുത്ത ലോങ്ബാളിൽ നിന്നായിരുന്നു ജീസുസിന്റെ ഗോൾ. 29ആം മിനുട്ടിൽ ലോറിസ് ചെയ്ത ഫൗളിൽ നിന്ന് ലഭിച്ച പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് ഗുണ്ടൊഗോൺ സിറ്റിയെ രണ്ട് ഗോൾ മുന്നിൽ എത്തിച്ചു.

കളിയിലേക്ക് തിരിച്ചുവരാനുള്ള ടോട്ടൻഹാം ശ്രമങ്ങൾക്ക് 42ആം മിനുട്ടിൽ ഫലം കണ്ടു. എറിക്സൺ ആണ് സ്പർസിന് പ്രതീക്ഷ നൽകിയ ഗോൾ നേടിയത്. പക്ഷെ ആ പ്രതീക്ഷ ഒരു ഗോളിന് അപ്പുറം പോയില്ല. 72ആം മിനുട്ടിൽ സ്റ്റേർലിംഗ് നേടിയ ഗോളോടെ ടോട്ടൻഹാമിന്റെ പൊരുതലും അവസാനിച്ചു.

ഇനി രണ്ട് പോയന്റ് മതി സിറ്റിക്ക് പ്രീമിയർ ലീഗ് കിരീടം ഉറപ്പാകാൻ. മാഞ്ചസ്റ്റർ യുണൈറ്റഡ് പോയന്റ് നഷ്ടപ്പെടുത്തിയാലും സിറ്റി ചാമ്പ്യന്മാരാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement