വെംബ്ലിയിലെ കഷ്ടകാലം തുടരുന്നു, സ്പർസിന് സമനില

വൈറ്റ് ഹാർട്ട് ലൈനിൽ നിന്ന് തൽക്കാലത്തേക്ക് ഹോം ഗ്രൗണ്ട് വെംബ്ലിയിലേക്ക് മാറിയ സ്പർസിന് ഈ വർഷം കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ലെന്നു ഉറപ്പായി. ഇത്തവണ ജയം ഉറപ്പിച്ചു നിൽക്കെ വഴങ്ങിയ സമനില ഗോളിൽ ടോട്ടൻഹാം ഹോട്ട്സ്പർസ് ബേൺലിയോട് 1-1 ന്റെ സമനില വഴങ്ങി. കഴിഞ്ഞ ആഴ്ച ഇതേ ഗ്രൗണ്ടിൽ സ്പർസ് ചെൽസിയോട് തോറ്റിരുന്നു.

സ്‌ട്രൈക്കർ ഹാരി കെയ്ൻ തുടർച്ചയായ മൂന്നാം മത്സരത്തിലും നിറം മങ്ങിയപ്പോൾ സ്പർസിന് എതിരാളികൾക്കെതിരെ ജയം ഉറപ്പിക്കാനുള്ള ഗോളുകൾ കണ്ടെത്താനായില്ല. പന്തടക്കത്തിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും മുന്നിട്ടുനിന്നെങ്കിലും എതിരാളികളുടെ ഗോൾ വല കുലുക്കാൻ ആളില്ലാതെ വന്നതോടെ ആദ്യ ഗോളിനായി അവർക്ക് 49 ആം മിനുറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. 49 ആം മിനുട്ടിൽ സ്പർസ് കോർണർ ക്ലിയർ ചെയ്യുന്നതിൽ ബേൺലി കളിക്കാർക്ക് പിഴച്ച അവസരം മുതലെടുത്ത് ഡലെ അലിയാണ് ടോട്ടൻഹാമിന് ലീഡ് നൽകിയത്.

രണ്ടാം പകുതിയിൽ ലഭിച്ച നിരവധി അവസരങ്ങൾ ഹാരി കെയ്ൻ അടക്കമുള്ളവർ തുലച്ചതിന്റെ വില അവർ മനസ്സിലാക്കിയത് 92 ആം മിനുട്ടിലാണ്. പകരക്കാരനായി ഇറങ്ങിയ ക്രിസ് വുഡാണ് സ്പർസിന്റെ വിജയ മോഹങ്ങൾ അവസാന നിമിഷം തല്ലി തകർത്തത്.

3 മത്സരങ്ങളിൽ നിന്ന് സ്പർസിനും ബേൺലിക്കും 4 പോയിന്റ് വീതമായി.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബെംഗളൂരുവിനെ വീഴ്ത്തി ബംഗാള്‍
Next articleകന്നി അര്‍ദ്ധ ശതകവുമായി മാര്‍ക്ക് സ്റ്റോണ്‍മാന്‍