
ഗോളടിച്ചും ഗോളിന് അവസരമൊരുക്കിയും ചെൽസിയുടെ പുത്തൻ സ്ട്രൈക്കർ ആൽവാരോ മൊറാത തിളങ്ങി നിന്ന മത്സരത്തിൽ ചെൽസിക്ക് സ്വന്തം മൈതാനത്ത് എവർട്ടനെതിരെ എതിരില്ലാത്ത 2 ഗോളുകളുടെ ജയം.
സ്റ്റാംഫോഡ് ബ്രിഡ്ജിൽ ഒരിക്കൽ പോലും ചെൽസിക്ക് ഭീഷണിയാവാൻ എവർട്ടന് കഴിഞ്ഞില്ല. റൂണിയും സാൻഡ്രോ റമീറസും അടങ്ങുന്ന ആക്രമണ നിരക്ക് ആദ്യ പകുതിയിൽ ഒരിക്കൽ പോലും ചെൽസി ബോക്സിനുള്ളിൽ പന്ത് തൊടാൻ പോലുമായില്ല. ചെൽസിയാവട്ടെ സസ്പെൻഷൻ മാറി ടീമിൽ തിരിച്ചെത്തിയ സെസ്ക് ഫാബ്രിഗാസിലൂടെ കളി നിയന്ത്രിക്കുകയും ചെയ്തു. 27 ആം മിനുട്ടിൽ മൊറാത നൽകിയ പാസ്സ് മികച്ച ഫിനിഷിൽ എവർട്ടൻ ഗോളിൽ എത്തിച്ചു ഫാബ്രിഗാസ് തന്നെയാണ് ചെൽസിക്ക് ലീഡ് സമ്മാനിച്ചത്. ഗോൾ വഴങ്ങിയിട്ടും കാര്യമായി പ്രതികരിക്കാതിരുന്ന എവർട്ടനെ ചെൽസി 40 ആം മിനുട്ടിൽ വീണ്ടും ശിക്ഷിച്ചു. ഇത്തവണ ആസ്പിലിക്വെറ്റയുടെ പാസ്സിൽ ഹെഡ്ഡറിലൂടെ മൊറാത്ത ലീഡ് രണ്ടായി ഉയർത്തി.
രണ്ടാം പകുതിയിൽ സൻഡ്രോയെ പിൻവലിച്ച കൂമാൻ കാൽവേർട് ലുവിനെ ഇറക്കിയെങ്കിലും ചെൽസി പ്രതിരോധത്തെ മറികടക്കാൻ അവർക്കാവാതെ വന്നതോടെ തുടർച്ചയായ രണ്ടാം ജയവും സീസണിലെ ആദ്യ ക്ളീൻ ഷീറ്റും ചെൽസി ഉറപ്പിക്കുകയായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial