Site icon Fanport

കളിച്ചത് വാറ്റ്ഫോർഡ്, ജയിച്ചത് മാഞ്ചസ്റ്റർ യുണൈറ്റഡ്

ഒലെ ഗണ്ണാർ സോൾഷ്യാർ സ്ഥിര പരിശീലകനായി നിയമിക്കപ്പെട്ട ശേഷമുള്ള ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം. ഇന്ന് ഓൾഡ്ട്രാഫോർഡിൽ നടന്ന മത്സരത്തിൽ വാറ്റ്ഫോർഡിനെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയത്‌. വിജയിച്ചത് യുണൈറ്റഡ് ആണെങ്കിലും മത്സരത്തിൽ ഉടനീളം ആക്രമണം അഴിച്ചുവിട്ടത് വാറ്റ്ഫോർഡ് ആയിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരങ്ങളുടെ ക്വാളിറ്റി ആണ് ഇന്ന് യുണൈറ്റഡിനെ ജയിപ്പിച്ചത്. ആദ്യ പകുതിയിൽ ഒരു കൗണ്ടറിൽ നിന്ന് റാഷ്ഫോർഡ് ആണ് യുണൈറ്റഡിന്റെ ആദ്യ ഗോൾ നേടിയത്. ലൂക് ഷോ ബ്രേക് ചെയ്ത് മുന്നേറി നൽകിയ പാസ് സ്വീകരിക്കുമ്പോൾ വാറ്റ്ഫോർഡ് കീപ്പർ ഫോസ്റ്റർ മാത്രമെ മുന്നിൽ ഉണ്ടായിരുന്നുള്ളൂ. വിദഗ്ദമായ ഫിനിഷിലൂടെ ഫോസ്റ്ററിനെ മറികടന്ന് റാഷ്ഫോർഡ് വലകുലുക്കി.

രണ്ടാം പകുതിയിൽ സമ്പൂർണ്ണ ആധിപത്യം ആയിരുന്നു വാറ്റ്ഫോർഡ് നടത്തിയത്. വാറ്റ്ഫോർഡ് ഏതുനിമിഷവും സമനില ഗോൾ കണ്ടെത്തും എന്ന് തോന്നിച്ച അവസരത്തിലാണ് മാർഷ്യൽ യുണൈറ്റഡിന് രണ്ടാം ഗോൾ നേടിക്കൊടുത്ത് ശ്വാസം വിടാൻ അവസരം കൊടുത്തത്. കളിയുടെ അവസാന നിമിഷത്തിൽ ഒരു ഗോൾ മടക്കാൻ വാറ്റ്ഫോർഡിനായി എങ്കിലും അത് തോൽവിയിൽ നിന്ന് രക്ഷപ്പെടുത്തിയില്ല.

ഈ വിജയത്തോടെ താൽക്കാലികനായി യുണൈറ്റഡ് നാലാം സ്ഥാനത്തെത്തി. 31 മത്സരങ്ങളിൽ 61 പോയന്റായി ഇപ്പോൾ യുണൈറ്റഡിന്.

Exit mobile version