ജയം കൊണ്ട് മറുപടി പറഞ്ഞ് ലെസ്റ്റർ താരങ്ങൾ

- Advertisement -

ലെസ്റ്ററിന് ജയിക്കണമായിരുന്നു, പരിശീലകൻ റെനിയേരിയെ പുറത്താക്കിയ ശേഷമുള്ള ആദ്യ മത്സരത്തിൽ ജയിക്കുക എന്നത് ലെസ്റ്റർ താരങ്ങളുടെ അഭിമാനത്തിന്റെ കൂടി വിഷയമായിരുന്നു, സീസണിൽ ഇന്നേവരെ കാണിക്കാത്ത ആവേശവും,കൃത്യതയും,കരുതലും പുറത്തെടുത്ത ലെസ്റ്റർസിറ്റി താരങ്ങൾക്ക് ഒടുവിൽ കളി അവസാനിച്ചപ്പോൾ ലിവർപൂളിനെതിരെ 3-1 ന്റെ തകർപ്പൻ ജയം.

ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകനില്ലാത്ത ആദ്യ മത്സരം,റെനിയേരിയുടെ പുറത്താക്കലിൽ താരങ്ങൾക്കും പങ്കുണ്ടെന്ന വിവിധ കോണുകളിൽ നിന്നുള്ള ആരോപണങ്ങൾ, വിവാദങ്ങളുടെ ഒരാഴ്ചയുടെ അവസാനത്തിൽ ശക്തരായ ലിവർപൂളിനെതിരെ മത്സരം, തോറ്റാൽ ഫാൻസിന്റേയും മാധ്യമങ്ങളുടെയും ശകാരവർശങ്ങൾ ഏറ്റുവാങ്ങേണ്ടിവരുമെന്ന വ്യക്തമായ അറിവോട് കൂടി സ്വന്തം മൈതാനമായ കിംഗ് പവർ സ്റേഡിയത്തിലിറങ്ങിയ ലെസ്റ്റർ താരങ്ങൾ കൈ മെയ് മറന്ന് ജയത്തിനായി പോരാടിയപ്പോൾ യുർഗൻ ക്ളോപ്പിന്റെ ടീമിന് മറുപടികളില്ലാതെ പോയി.

മികച്ച തുടക്കമാണ് ലെസ്റ്റർ മത്സരത്തിൽ നേടിയത്, ശക്തരായ ലിവർപൂൾ ആക്രമണ നിരക്ക് കാര്യമായ അവസരങ്ങളൊന്നും തുടക്കത്തിൽ ലെസ്റ്റർ പ്രതിരോധം നൽകിയില്ല, പൊസഷനിൽ ലിവർപൂൾ നിലനിർത്തിയ ആധിപത്യം ഗോളിലേക്കുള്ള അവസരങ്ങൾ ഒരുക്കുന്നതിൽ അവരെ സഹായിച്ചതുമില്ല, 27 ആം മിനുട്ടിൽ ആൽബ്രൈട്ടന്റെ പാസ് വലയിലെത്തിച് കഴിഞ്ഞ സീസണിലെ ലെസ്റ്റർ ഹീറോ ജാമി വാർഡിയാണ് ആദ്യ ഗോൾ നേടിയത് ,2017 ഇൽ ലെസ്റ്ററിന്റെ ആദ്യ ലീഗ് ഗോൾ, ഗോൾ നേടിയതോടെ ആക്രമിച്ചു തന്നെ കളിച്ച ലെസ്റ്റർ പിന്നീട് 39 ആം മിനുട്ടിൽ ഡാനി ഡ്രിങ്ക് വാട്ടറിലൂടെ ലീഡ് ഉയർത്തി, ബോക്സിന് പുറത്തു നിന്ന് ലെസ്റ്റർ താരം തൊടുത്ത ഷോട്ട് വലയിലെത്തുന്നത് നോക്കി നിൽക്കാനേ ലിവർപൂൾ ഗോളി മിനോലെറ്റിനായൊള്ളൂ.

രണ്ടാം പകുതിയിൽ ഭൂരിപക്ഷം സമയവും പന്ത് ലിവർപൂളിന്റെ കൈവശമായിരുന്നെങ്കിലും കിട്ടിയ അവസരം മുതലെടുത്ത് ലെസ്റ്റർ ലീഡ് 3 ആക്കി ഉയർത്തി, വിങ്ങിൽ നിന്ന് ക്രിസ്റ്റ്യൻ ഫുക്‌സ് നൽകിയ പാസ് ഹെഡ്ഡറിലൂടെ ഗോളാക്കി വാർഡി മത്സരത്തിൽ തന്റെ രണ്ടാം ഗോൾ നേടി, മൂന്നാം ഗോൾ വഴങ്ങിയതോടെ ലല്ലാനയെ മാറ്റിയ ക്ളോപ്പ് ഒരിഗിയെ കളത്തിലിറക്കി, 68 ആം മിനുട്ടിലാണ് ലിവർപൂളിന്റെ ആശ്വാസ ഗോൾ പിറന്നത് , ഫിലിപ്പ് കുട്ടിഞ്ഞോയാണ്‌ ഗോൾ നേടിയത്. പിന്നീട് ലിവർപൂൾ ശ്രമങ്ങൾ നടത്തിയെങ്കിലും അവയൊക്കെയും ലെസ്റ്റർ ബോക്സിൽ അപകടം വിതക്കാൻ ശേഷി ഉള്ളവയായിരുന്നില്ല.

കഴിഞ്ഞ 7 മത്സരങ്ങൾക്കിടയിൽ 5 ആം തോൽവി വഴങ്ങിയ ലിവർപൂൾ ഇന്നലത്തെ മത്സരത്തോടെ തീർത്തും പരുങ്ങലിലായി , ഡിസംബർ വരെ കിരീട പ്രതീക്ഷയുള്ള ടീമിൽ നിന്ന് അവരിപ്പോൾ ടോപ് 4 ന് പുറത്തെത്തി. ജയിച്ചെങ്കിലും ലെസ്റ്റർ സിറ്റിക്ക് ഇനിയും ഏറെ ചെയ്യാനുണ്ട് , 24 പോയിന്റുള്ള അവർ ഇപ്പോൾ 15 ആം സ്ഥാനത്താണ് , ലിവർപൂൾ 49 പോയിന്റുമായി 5 ആം സ്ഥാനത്തും.

Advertisement