ചുവന്ന ചെകുത്താന്മാർ കുതിക്കുന്നു, സ്വാൻസിക്കും മറുപടിയില്ല

- Advertisement -

ഹോസെ മൗറീന്യോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് കുതിപ്പ് തുടരുന്നു. രണ്ടാം പ്രീമിയർ ലീഗ് മത്സരത്തിലും എതിരില്ലാത്ത നാലു ഗോളുകളുടെ വിജയം. ആദ്യ ആഴ്ച വെസ്റ്റ് ഹാമാണ് മാഞ്ചസ്റ്ററിന് ഇരയായത് എങ്കിൽ ഇന്ന് അങ്ങ് വെയിൽസിലുള്ള സ്വാൻസിക്കായിരുന്നു വിധി. മാഞ്ചസ്റ്ററിന് വേണ്ടി രണ്ട് അസിസ്റ്റുകളും ഒരു ഗോളുമായി പോഗ്ബയാണ് തിളങ്ങിയത്.

ആദ്യ മത്സരത്തിലെ വിന്നിംഗ് ഇലവനെ നിലനിർത്തി കളി തുടങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആദ്യ മത്സരം പോലെ എളുപ്പമല്ലായിരുന്നു തുടക്കം. സ്വാൻസിയുടെ ശക്തമായ പ്രസിംഗ് ടാക്ടിക്സ് ആദ്യ പകുതിയിൽ മാഞ്ചസ്റ്ററിനെ കുഴപ്പത്തിലാക്കി. പക്ഷെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് കോർണറിൽ പിറന്ന ഗോൾ മാഞ്ചസ്റ്ററിനെ അവരുടെ മികവിലേക്ക് തിരിച്ചു കൊണ്ടുവരികയായിരുന്നു. ബ്ലിൻഡ് എടുത്ത കോർണറിൽ നിന്ന് പിറന്ന പോഗ്ബയുടെ ബുള്ളറ്റ് ഹെഡർ ബാറിൽ തട്ടി മടങ്ങുന്ന വഴി ഡിഫൻഡർ ബായി ഉഗ്രൻ റിയാക്ഷനിലൂടെ ഗോളിലേക്ക് തിരിച്ചുവിടുകയായിരുന്നു. എറിക് ബായിയുടെ മാഞ്ചസ്റ്ററിനു വേണ്ടിയുള്ള ആദ്യ ഗോളായി ഇത്.

രണ്ടാം പകുതിയുടെ 80ാം മിനുട്ട് വരെ കളി 1-0 എന്ന ലീഡിൽ സ്വാൻസിക്ക് അടുത്ത് ഉണ്ടായിരുന്നു. എന്നാൽ പിന്നീടുള്ള മൂന്നു മിനുട്ടുകൾക്കിടയിൽ പിറന്ന മൂന്നു ഗോളുകൾ മാഞ്ചസ്റ്ററിനെ ബഹുദൂരം മുന്നിലാക്കി. സബ്സ്റ്റിട്യൂട്ടായി മാർഷ്യൽ വന്നതോടെ ആയിരുന്നു യുണൈറ്റഡിന്റെ കളി മാറിയത്. ആദ്യം മിഖിതാര്യന്റെ പാസിൽ നിന്ന് ലുകാകുവിന്റെ ഫിനിഷ്. ലുകാകുവിന്റെ മാഞ്ചസ്റ്റർ കരിയറിലെ മൂന്നു കളികളിലെ നാലാം ഗോളായിരുന്നു ഇത്. തൊട്ടടുത്ത നിമിഷം മിഖിതാര്യൻ വീണ്ടു ഗോൾ അവസരം ഒരുക്കിയപ്പോൾ ഫാബിയാൻസ്കിയെ ചിപ് ചെയ്ത് പന്ത് വലയിലേക്ക് ഇട്ട് പോഗ്ബയും ഗോൾപട്ടികയിൽ ചേർന്നു. മിഖിതാര്യന്റെ പ്രീമിയർ ലീഗിലെ നാലാം അസിസ്റ്റാണ്.

അടുത്ത അവസരം മാർഷ്യലിന്റേതായിരുന്നു പോഗ്ബയും മാർഷലും ചേർന്ന് നടത്തിയ കൗണ്ടറിന്റെ ഒടുവിൽ വിമർശകരെ വായടപ്പിക്കുന്ന ഫിനിഷിലൂടെ മാർഷ്യലിന്റെ രണ്ടാം പ്രീമിയർ ലീഗ് ഗോൾ. അടുത്ത ആഴ്ച ലെസ്റ്റർ സിറ്റിയുമായാണ് മാഞ്ചസ്റ്ററിന്റെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement