സ്പർസ് താരത്തെ ജനുവരിയിൽ സ്വന്തമാക്കാനൊരുങ്ങി യുണൈറ്റഡ്‌

- Advertisement -

സ്പർസ് താരം ഡാനി റോസിനെ ജനുവരിയിൽ ടീമിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന് റിപ്പോർട്ടുകൾ. ഏറെ നാളായി ലെഫ്റ്റ് ബാക്കിനെ തിരയുന്ന യുണൈറ്റഡിന് പ്രീമിയർ ലീഗ് അനുഭവസമ്പത്തുള്ള റോസിനെ ടീമിൽ എത്തിക്കുന്നതോടെ അതിന് പരിഹാരമാവുമെന്നാണ് മൗറീഞ്ഞോ പ്രതീക്ഷിക്കുന്നത്. നിലവിൽ ആഷ്‌ലി യങ്‌ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ തിളങ്ങുന്നുണ്ടെങ്കിലും വിങ്ങറായ യങ്ങിനെ ആ പൊസിഷനിൽ ഏറെ കാലം കളിപ്പിക്കാൻ മൗറീഞ്ഞോ തയ്യാറല്ല. ലുക്ക് ഷോ ടീമിൽ ഉണ്ടെങ്കിലും മൗറീഞ്ഞോയുടെ വിശ്വാസം പിടിച്ചു പറ്റാൻ താരത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ഇതും റോസിനെ ടീമിൽ എത്തിക്കാനുള്ള ശ്രമങ്ങൾക്ക് പ്രധാന കാരണമാണ്.

ഏതാണ്ട് 50 മില്യൺ യൂറോയോളമാണ് റോസിന് സ്പർസ് വിലയിട്ടിരിക്കുന്നത്. പരിശീലകൻ പോചെട്ടിനോയുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ കാരണം റോസും സ്പർസിൽ നിന്ന് പുറത്തുകടക്കാനുള്ള ശ്രമത്തിലാണ് എന്നത് യുണൈറ്റഡിന് കാര്യങ്ങൾ എളുപ്പമാകും എന്നാണ് റിപ്പോർട്ടുകൾ. സ്പർസിന്റെ ശമ്പള കുറവിനെതിരെയും മറ്റും പരസ്യമായ നിലപാടെടുത്ത താരത്തെ വിൽക്കാൻ തന്നെയാണ് സ്പർസ് മാനജ്മെന്റിന്റെയും തീരുമാനം. ബെൻ ഡേവിസ് ലെഫ്റ്റ് ബാക്ക് റോളിൽ നന്നായി കളിക്കുന്നതും റോസിന്റെ ടീമിലെ സ്ഥാനത്തിന് കോട്ടമായി. യുണൈറ്റഡിൽ എത്തിയാൽ നിലവിലെ സാഹചര്യത്തിൽ ആദ്യ ഇളവനിൽ സ്ഥാനം നേടുക എന്നത് റോസിന് പ്രയാസമാവില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement