പ്രീമിയർ ലീഗിൽ തീപാറും പോരാട്ടം; യുണൈറ്റഡ് സ്പർസിനെതിരെ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് തീപാറും പോരാട്ടം, ലീഗ് ടേബിളിൽ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാം സ്ഥാനക്കാരായ ടോട്ടൻഹാം ഹോട്‌സ്പറിനെ നേരിടും. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രാഫോഡിൽ ആണ് മത്സരം നടക്കുന്നത്.

ഇന്റര്നാഷനൽ ബ്രെക്കിന് ശേഷം ലീഗിൽ വിജയം നേടാൻ കഴിഞ്ഞിട്ടില്ല എന്ന ക്ഷീണം മാറ്റാനായിരിക്കും യുണൈറ്റഡ് ഇറങ്ങുന്നത്. ലിവർപൂളിനോട് സമനിലയും ഹാഡിൽസ്ഫീല്ഡിനോട് അപ്രതീക്ഷിത തോൽവിയും വഴങ്ങിയ യുണൈറ്റഡിന് ഇന്ന് വിജയം അനിവാര്യമാണ്. മുന്നേറ്റ നിരയിൽ ലുകാക്കു തന്നെയായിരിക്കും ഉണ്ടാവുക. പരിക്ക് മൂലം പുറത്തിരിക്കുന്ന പോഗ്ബക്കും ഫെല്ലയിനിക്കും കളിക്കാനാവത്തിനാൽ മാറ്റിച്ച-ഹെരേര സഖ്യം തന്നെയായിരിക്കും മധ്യനിരയിൽ ഉണ്ടാവുക. പരിക്ക് മാറി എറിക് ഭായിയും ഫിൽ ജോണ്സും ടീമിലേക്ക് തിരിച്ചെത്തുന്നത് ഹൊസെ മൗറീൻഹോക്ക് ആശ്വാസമാകും.

പ്രീമിയർ ലീഗിൽ തുടർച്ചയായ ആറാം വിജയം ലക്ഷ്യമിട്ടാണ് പോചെട്ടിനോയും സംഘവും ഓൾഡ് ട്രാഫോഡിൽ എത്തുന്നത്. കരാബാവോ കപ്പിൽ വെസ്റ്റ്ഹാമിനോട് തോറ്റ് പുറത്തായത് സ്പർസിന് തിരിച്ചടിയാണ്, പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് എത്താൻ സ്പർസിന് ഇന്ന് വിജയിച്ചേ മതിയാവൂ. ഹാംസ്ട്രിങ് ഇഞ്ചുറി മൂലം സൂപർ സ്‌ട്രൈക്കർ ഹാരി കെയ്ൻ ഇന്ന് ഇറങ്ങിയേക്കില്ല.

കഴിഞ്ഞ സീസണിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഓരോ മത്സരങ്ങൾ ഇരു ടീമുകളും വിജയിക്കുകയായിരുന്നു. ഇന്ത്യൻ സമയം വൈകുന്നേരം 5 മണിക്കാണ് കിക്കോഫ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleശക്തരില്‍ ശക്തരാര്‌!!!
Next articleസിറ്റിയുടെ മുന്നിലേക്ക് ഇന്ന് വെസ്റ്റ്‌ ബ്രോം