ബെൻഫിക്കയുടെ യുവ പ്രതിരോധകാരനെ സ്വന്തമാക്കി യുണൈറ്റഡ്‌

- Advertisement -

അടുത്ത സീസണിലേക്കുള്ള ആദ്യ കളിക്കാരന്റെ വരവ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബെൻഫിക്കയുടെ താരം വിക്ടർ ലിൻഡലോഫിനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്.

22 വയസുകാരനായ സ്വീഡിഷ് പ്രതിരോധനിര താരമായ ലിൻഡലോഫ് 30 മില്യൺ യൂറോയോളം തുകയ്ക്കാണ് പ്രീമിയർ ലീഗിലേക്ക് ചുവടുമാറുന്നത്. കഴിഞ്ഞ ജനുവരിയിൽ തന്നെ യുണൈറ്റഡ്‌ പരിശീലകൻ ജോസ് മൗറീഞ്ഞോ താരത്തെ ഓൾഡ് ട്രാഫോഡിൽ എത്തിക്കാൻ ശ്രമിച്ചിരുന്നെങ്കിലും പല കാരണങ്ങളാൽ അത് നടക്കാതെ പോകുകയായിരുന്നു. ഇത്തവണ ഏതായാലും യുണൈറ്റഡ്‌ സമയം വൈകാതെ തന്നെ സ്വന്തമാക്കുകയായിരുന്നു. ബെൻഫിക്കയുമായി താരത്തിന്റെ കൈമാറ്റത്തിന് കരാർ ആയെങ്കിലും മെഡിക്കൽ അടക്കമുള്ള കാര്യങ്ങൾ ബുധനാഴ്ച മാത്രമേ പൂർത്തിയാവുകയോള്ളൂ എന്നു യൂണൈറ്റഡ് അവരുടെ വെബ്സൈറ്റ് വഴി അറിയിച്ചു.

‘ഐസ് മാൻ’ എന്ന് അറിയപെടുന്ന ലിൻഡലോഫ് പ്രായത്തിൽ കവിഞ്ഞ പക്വതയും അച്ചടക്കവും നിറഞ്ഞ താരമാണ്. സ്വീഡന് വേണ്ടി 2016 യൂറോകപ്പിൽ അടക്കം കളിച്ച താരം യുണൈറ്റഡ്‌ സെൻട്രൽ ഡിഫെൻസിൽ എറിക് ബെയ്‌ലിക്കു മികച്ച കൂട്ടാവും എന്ന് തന്നെയാവും മൗറീഞ്ഞോയുടെ പ്രതീക്ഷ. മൗറീഞ്ഞോ റയൽ മാഡ്രിഡ് പരിശീലകനായിരിക്കെ പരിശീലിപ്പിച്ച ഫ്രാൻസ് പ്രതിരോധ നിര താരം റാഫേൽ വരാനിന്റെ കളിയുമായി ഏറെ താരതമ്യമുള്ള ലിൻഡലോഫിന്റെ കളി മികവ് സ്വീഡൻ ഇതിഹാസം സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെ അടക്കം പ്രശംസക്ക് അർഹമായിട്ടുണ്ട്. ഏതായാലും ഇത്തവണ പ്രീ സീസണിനു മുന്നേ തന്നെ തനിക്ക് വേണ്ട കളിക്കാരെ മൗറീഞ്ഞോ യൂണൈറ്റഡിലോട്ടു എത്തിക്കും എന്ന് തന്നെയാണ് യുണൈറ്റഡ്‌ ആരാധകരുടെ പ്രതീക്ഷ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement