സമനില കുരുക്കിൽ നിന്ന് രക്ഷനേടാൻ യുണൈറ്റഡ്

ആദ്യ നാല് സ്ഥാനങ്ങളിൽ എത്താനുള്ള യുണൈറ്റഡിന്റെ ശ്രമങ്ങൾക്ക് ഇന്നത്തെ മത്സരം നിർണായകമാണ്. ശ്കതരായ എവെർട്ടൺ ആണ് യുണൈറ്റഡിന്റെ എതിരാളികൾ. പ്രീമിയർ ലീഗിൽ കഴിഞ്ഞ 20 കളികളിൽ തോൽവിയറിയാതെയാണ് യുണൈറ്റഡ് മുന്നേറുന്നത്. എന്നാൽ ഓൾഡ് ട്രാഫോർഡിൽ തുടർച്ചയായുള്ള സമനില കുരുക്കിൽ നിന്നും യുണൈറ്റഡിന് രക്ഷ നേടാൻ ഇന്ന് ജയം കൂടിയേ തീരു. ഇന്ന് ജയിച്ചു മാഞ്ചസ്റ്റർ സിറ്റിയുമായുള്ള പോയിന്റ് വ്യത്യാസം കുറക്കാനാവും മൗറീഞ്ഞോയുടെ ശ്രമം.

മറുവശത്ത് ലിവർപൂളിനോട് തോറ്റാണ് എവെർട്ടന്റെ വരവ്. യൂണൈറ്റഡിനെക്കാൾ രണ്ടു മത്സരം കൂടുതൽ കളിച്ച എവെർട്ടൺ ഇന്ന് ജയിച്ചാൽ പോയിന്റ് പട്ടികയിൽ യുണൈറ്റഡിന് മുകളിലെത്തും. ഇന്ന് ഓൾഡ് ട്രാഫോർഡിൽ ജയിച്ചാൽ പ്രീമിയർ ലീഗ് ചരിത്രത്തിൽ തുടർച്ചയായി മൂന്ന് മത്സരങ്ങൾ ജയിക്കുന്ന എതിർ ടീം കോച്ച് എന്ന റെക്കോർഡ് കോമൻ സ്വന്തമാക്കും.

ഇബ്രാഹിമോവിച്ചിന്റെയും ഹെരേരയുടെയും തിരിച്ചുവരവ് യുണൈറ്റഡിന് ഉണർവ് നൽകും. ടൈറോൺ മിങ്‌സിനെ കൈ മുട്ട് കൊണ്ട് ഇടിച്ചതുമായ ബന്ധപ്പെട്ട് ഇബ്രാഹിമോവിച്ചിന് 3 മത്സരങ്ങളിൽ എഫ് എ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ചെൽസിക്കെതിരെയുള്ള എഫ് എ കപ്പ് മത്സരത്തിൽ റെഡ് കാർഡ് കണ്ടതിനായിരുന്നു ഹെരേരയുടെ വിലക്ക്. പരിക്കിൽ നിന്ന് മോചിതനായ  പോൾ പോഗ്ബയും ആദ്യ പതിനൊന്നിൽ സ്ഥാനം പിടിക്കും. ജുവാൻ മാറ്റ, ഫിൽ ജോൺസ്‌, ക്രിസ് സ്മാളിങ് എന്നിവർ ഇപ്പോഴും പരിക്കിന്റെ പിടിയിലാണ്.

എവെർട്ടൻ താരങ്ങളായ ജെയിംസ് മക്കാർത്തി, ഫ്യൂനെസ് മോറി, കോൾമാൻ, ആരോൺ ലെന്നോൻ എന്നിവരും പരിക്കിന്റെ പിടിയിലാണ്.

Previous articleപ്ലേ ഓഫ് പ്രതീക്ഷയുമായി ഡല്‍ഹി, തിരിച്ചടിയായി ഡ്യുമിനിയുടെയും ഡിക്കോക്കിന്റെ പിന്മാറല്‍
Next articleമികച്ച പ്രകടനം തുടരാൻ ലെസ്റ്റർ, അനിവാര്യ വിജയം തേടി സണ്ടർലാൻഡ്