അത്ഭുതം ഒന്നും സംഭവിച്ചില്ല, ആൻഫീൽഡിൽ യുണൈറ്റഡ് തോറ്റു

- Advertisement -

ആൻഫീൽഡിൽ ലിവർപൂളിനെ തോൽപ്പിക്കുക എന്ന വലിയ വെല്ലുവിളി യുണൈറ്റഡിനും മറികടക്കാൻ സാധിച്ചില്ല. എതിരില്ലാത്ത 2 ഗോളുകൾക്കാണ് ലിവർപൂൾ ഇന്ന് ഒലെയുടെ സംഘത്തെ മറികടന്നത്. ജയത്തോടെ ലീഗിൽ 16 പോയിന്റ് ലീഡുമായി അവർ ഒന്നാം സ്ഥാനത്ത് ശക്തി കൂട്ടി. ഒരു കളി കുറവാണ് അവർ കളിച്ചത് എന്നതും കണക്കിൽ എടുക്കുമ്പോൾ കിരീടത്തിലേക്ക് അവർക്കിനി വലിയ ദൂരമില്ല.

സ്റ്റാർ സ്‌ട്രൈക്കർ മാർക്കസ് റാഷ്ഫോഡ് പരിക്ക് കാരണം പുറത്തായതോടെ കിക്കോഫിന് മുൻപേ തന്നെ യുണൈറ്റഡിന് കാര്യങ്ങൾ കടുപമായിരുന്നു. ആദ്യ പകുതിയിൽ വിർജിൽ വാൻ ഡെയ്ക് നേടിയ ഗോളിലാണ് ലിവർപൂൾ ലീഡ് നേടിയത്. അലക്‌സാണ്ടർ ആർണാള്ഡിന്റെ കോർണർ കിക്കിൽ ഹെഡറിലൂടെ ആണ് ഗോൾ പിറന്നത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ സലാഹിന് മികച്ച ഒരു അവസരം ലഭിച്ചെങ്കിലും താരം നഷ്ടപ്പെടുത്തിയത് യുണൈറ്റഡിന് ആശ്വാസമായി. പക്ഷെ വിലയേറിയ സമനില ഗോൾ അവർക്ക് നേടാനായില്ല. കളി തീരാൻ സെക്കന്റുകൾ ബാക്കി നിൽക്കേ ഗോളി അലിസൻ നൽകിയ പന്ത് സ്വീകരിച്ച സലാഹ് യുണൈറ്റഡ് വല കുലുക്കിയതോടെ അവരുടെ പതനം പൂർത്തിയായി. നിലവിൽ 34 പോയിന്റുമായി 5 സ്ഥാനത്താണ് യുണൈറ്റഡ്.

Advertisement