ഇരട്ട ഗോളുകളുമായി റാഷ്ഫോർഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ് സീസണ് ഗംഭീര തുടക്കം

അമേരിക്കയിലെ പ്രി സീസൺ ടൂറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയ തുടക്കം, LA ഗാലക്സിക്കെതിരെ രണ്ടിനെതിരെ അഞ്ചു ഗോളിന്റെ തകർപ്പൻ വിജയം ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയത്. പുതുതായി ടീമിൽ എത്തിയ റൊമേലു ലുകാകു, വിക്റ്റർ ലിൻഡലോഫ് എന്നിവർ അരങ്ങേറിയ മത്സരത്തിൽ തിളങ്ങിയത് ഇരട്ട ഗോളുകൾ നേടിയ യുവതാരം മാർക്കസ് റാഷ്‌ഫോർഡായിരുന്നു.

ഇരുപകുതികളിലുമായി രണ്ടു വ്യത്യസ്ത ടീമുകളെ പരീക്ഷിച്ച ഹോസെ മൗറിഞ്ഞോ റാഷ്‌ഫോഡിനെ മുന്നേറ്റ നിരയിൽ ഇറക്കിയാണ് ആദ്യ പകുതി തുടങ്ങിയത്, രണ്ടാം മിനിറ്റിൽ തന്നെ റാഷ്‌ഫോഡ് യൂണൈറ്റഡിനായി വലകുലുക്കി. 20ആം മിനിറ്റിൽ വീണ്ടും റാഷ്‌ഫോഡ് തന്നെ ലക്‌ഷ്യം കണ്ടു ലീഡ് ഇരട്ടിയാക്കി. 26ആം മിനിറ്റിൽ ഫെല്ലെയ്‌നിയുടെ ബൂട്ടിൽ നിന്നായിരുന്നു മൂന്നാം ഗോൾ പിറന്നത്. 34ആം മിനിറ്റിൽ ഹാട്രിക് തികക്കാനുള്ള അവസരം റാഷ്‌ഫോഡിന് ലഭിച്ചു എങ്കിലും നിർഭാഗ്യം കൊണ്ടുമാത്രമാണ് ഗോളാവാതെ പോയത്. ആദ്യ പകുതി അവസാനിക്കുമ്പോൾ 3-0 എന്നായിരുന്നു സ്‌കോർ നില.

രണ്ടാം പകുതിയിൽ പുതിയ പതിനൊന്നു കളിക്കാരെ ഇറക്കിയ, ലുകാകുവിനും ലിൻഡലോഫിനും ചുവന്ന കുപ്പായത്തിൽ അരങ്ങേറാനുള്ള അവസരം നൽകി. അരങ്ങേറി നാലാം മിനിറ്റിൽ തന്നെ മാഞ്ചസ്റ്ററിനു വേണ്ടി ഗോൾ നേടാനുള്ള അവസരം ലഭിച്ചെങ്കിലും ലുകാകുവിന്റെ ഷോട്ട് പുറത്തേക്ക് പോയി. മിഖിതാര്യനും മാർഷ്യലുമാണ് രണ്ടാം പകുതിയിൽ യുണൈറ്റഡിനു വേണ്ടി ഗോൾ കണ്ടെത്തിയത്. ആദ്യ മത്സരത്തിന് ഇറങ്ങിയ ലിൻഡലോഫ് ഡിഫൻസിൽ തന്റെ പന്തടക്കം കൊണ്ട് റിയോ ഫെർഡിനാൻഡിനെ ഓർമ്മിപ്പിച്ചു. 17ാം തീയതി റിയൽ സാൾട് ലേക്കുമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ടാം പ്രീസീസൺ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറയൽ മാഡ്രിഡ് വിടണം, പെരെസിനോട് അപേക്ഷിച്ച് ഡാനിലോ
Next articleഫ്രാന്‍സിനു കാലിടറി, ന്യൂസിലാണ്ടിനെതിരെ ഓസ്ട്രേലിയയ്ക്ക് ജയം