നോർവയിൽ ആധികാരിക വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ്

- Advertisement -

പ്രീസീസൺ ടൂറിൽ വിജയത്തിലേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് വീണ്ടും തിരിച്ചുവന്നു. യുണൈറ്റഡിന്റെ അമേരിക്കയിലെ പ്രീസീസൺ ബാഴ്സലോണയോടേറ്റ പരാജയത്തോടെയായിരുന്നു അവസാനിച്ചത്. എന്നാൽ ഇന്ന് യൂറോപ്പിലേക്ക് തിരിച്ചെത്തിയ മൗറീന്യോയും സംഘവും നോർവയിൽ ആധികാരിക ജയത്തോടെ വിജയ വഴിയിൽ തിരിച്ചെത്തി. നോർവേ ക്ലബായ വലരെങ്കയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയത്.

റൈറ്റ് ബാക്ക് വലൻസിയ ഗോൾ കീപ്പർ ഡേവിഡ് ഡി ഹിയ എന്നിവരില്ലാതെയാണ് മാഞ്ചസ്റ്റർ ഇറങ്ങിയത് എങ്കിലും യുണൈറ്റഡിന്റെ സമ്പൂർണ്ണ ആധിപത്യമാണ് നോർവേയിൽ കണ്ടത്. അവസാന എട്ടു മത്സരങ്ങളിൽ പരാജയമറിയാതെ മുന്നേറുക ആയിരുന്ന വലരെങ്കയെ യുണൈറ്റഡ് ആദ്യ പകുതിയുടെ അവസാനത്തിൽ തന്നെ പിറകിലാക്കി. യുണൈറ്റഡ് മിഡ്ഫീൽഡർ ഫെല്ലെയിനിയുടെ ബുള്ളറ്റ് ഹെഡറാണ് മാഞ്ചസ്റ്ററിന് ആദ്യം ലീഡ് നൽകിയത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ പകരക്കാരനായി ഇറങ്ങിയ ലുകാകുവിലൂടെ യുണൈറ്റഡ് രണ്ടു ഗോളുകൾക്ക് മുന്നില്ല. പെരേര എടുത്ത കോർണർ കിക്കിൽ നിന്ന് ഹെഡർ വഴി ഗോൾ നേടുക ആയിരുന്നു ലുകാകു. പ്രീ സീസണിലെ ലുകാകുവിന്റെ മൂന്നാം ഗോളായിരുന്നു ഇത്. യുവ താരം മക്ടോമിനേയിലൂടെ ആയിരുന്നു യുണൈറ്റഡിന്റെ മൂന്നാം ഗോൾ. മക്ടോമിനേയുടെ യുണൈറ്റഡിനു വേണ്ടിയുള്ള ആദ്യ സീനിയർ ഗോളായിരുന്നു നോർവയിൽ പിറന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement