റെക്കോർഡിൽ കണ്ണും നട്ട് സിറ്റിയും യുണൈറ്റഡും

ഓൾഡ് ട്രാഫോഡിൽ മാഞ്ചസ്റ്റർ ഡെർബിയുടെ 90ആം മിനിറ്റിൽ അവസാന വിസിൽ മുഴങ്ങുമ്പോൾ മത്സര ഫലം എന്തു തന്നെ ആയാലും ഒരു റെക്കോർഡ് അവിടെ പിറക്കുമെന്നത് ഉറപ്പാണ്.

ഒരു പ്രീമിയർ ലീഗ് സീസണിൽ ഒരു ടീം തുടർച്ചയായി ഏറ്റവും കൂടുതൽ ജയിച്ചതിൻറെ റെക്കോർഡ് ചെല്സിക്കും ആഴ്സണലിനുമാണ്, ഇരു ടീമുകളും 13 മത്സരങ്ങളിൽ തുടർച്ചയായി വിജയം കണ്ടിട്ടുണ്ട്. നിലവിൽ ഈ സീസണിൽ 13 വിജയവുമായി കുതിക്കുന്ന സിറ്റി ഇന്നത്തെ ഡെർബിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോല്പിച്ചാൽ ഒരു സീസണിൽ തുടർച്ചയായി ഏറ്റവും കൂടുതൽ വിജയം എന്ന റെക്കോർഡ് പെപ് ഗർഡിയോളക്കും സംഘത്തിനും അവകാശപ്പെട്ടതാവും.

ഡെർബിക്ക് ഇറങ്ങുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡും ഒരു റെക്കോർഡ് ലക്ഷ്യം വെക്കുന്നുണ്ട്. ഓൾഡ് ട്രാഫോഡിൽ എല്ലാ മത്സരങ്ങളിലുമായി തോൽവി അറിയാതെ യുണൈറ്റഡ് ഇതു വരെ 40 മത്സരങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. 1964ൽ സർ മാറ്റ് ബസ്ബിയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് തീർത്ത 40 മത്സരങ്ങളുടെ റെക്കോർഡിന് ഒപ്പമാണ് മൗറീൻഹോയുടെ യുണൈറ്റഡ് നിലവിൽ. ഇന്നത്തെ മത്സരം വിജയിക്കുകയോ സമനിലയിലാക്കുകയോ ചെയ്താൽ 41 മത്സരങ്ങൾ തോൽവി അറിയാതെ പൂർത്തിയാക്കും. മൗറീൻഹോയുടെ യുണൈറ്റഡ് ടീം അവസാനമായി ഓൾഡ് ട്രാഫോഡിൽ പരാജയപ്പെട്ടത് 2016 സെപ്റ്റമ്പർ 10ന് ആയിരുന്നു, അന്നും ഒരു മാഞ്ചസ്റ്റർ ഡെർബി ആയിരുന്നു ഓൾഡ് ട്രാഫോഡിൽ അരങ്ങേറിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial