ഇനിയും രണ്ട് താരങ്ങൾ കൂടി മാഞ്ചസ്റ്ററിൽ എത്തും എന്ന് മൗറീന്യോ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ട്രാൻസ്ഫർ വിൻഡോ അടച്ചിട്ടില്ലാ എന്ന് ഹോസേ മൗറീന്യോ. പ്രീ സീസൺ മത്സരങ്ങൾക്കായി അമേരിക്കയിൽ ഉള്ള മാഞ്ചസ്റ്റർ കോച്ച് പത്ര സമ്മേളനത്തിലാണ് ഇനിയും താരങ്ങൾ മാഞ്ചസ്റ്ററിലേക്ക് എത്തും എന്ന് ഉറപ്പിച്ച് പറഞ്ഞത്. ഈ ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ മുൻ എവർട്ടൺ സ്ട്രൈക്കർ ലുകാകുവേയും ഡിഫൻഡർ ലിൻഡലോഫിനേയും സൈൻ ചെയ്തിരുന്നു.

ഇവരു രണ്ടു പേരേയും കൂടാതെ ഇനിയും രണ്ട് പുതിയ താരങ്ങൾ കൂടെ മാഞ്ചസ്റ്ററിൽ എത്തും എന്നാണ് മൗറീന്യോ പറഞ്ഞത്. നാലു താരങ്ങളെ ആയിരുന്നു തനിക്ക് വേണ്ടത് എന്നും അതിന്റെ പകുതിയേ ആയിട്ടുള്ളൂ എന്നും ഹോസെ പറഞ്ഞു. ഇന്റർ മിലാൻ വിങ്ങർ ഇവാൻ പെരിസിചും ചെൽസിയ ഡിഫൻസീവ് മിഡ്ഫീൽഡർ മാറ്റിചും ആകും യുണൈറ്റഡിന്റെ ആ രണ്ടു താരങ്ങൾ എന്നാണ് അഭ്യൂഹങ്ങൾ ഉള്ളത്.

എന്നാൽ മറ്റൊരു ക്ലബിന്റെ ഭാഗമായി നിൽക്കുന്ന മാറ്റിച്ചിനെ കുറിച്ച് താൻ പ്രതികരിക്കുന്നത് ശരിയല്ല എന്ന് മൗറീന്യോ പറഞ്ഞു. മാറ്റിച്ചും പെരിസിചും ആണ് വരിക എന്നാണ് സൂചന എങ്കിലും റൂണി ഒഴിഞ്ഞ പത്താം നമ്പർ ജേഴ്സിയിലേക്ക് ഒരു സർപ്രൈസ് താരം എത്തുമെന്ന പ്രതീക്ഷയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ഇപ്പോഴും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഫെഡറർ – സിലിച്ച് ഫൈനൽ
Next articleനാബി കീറ്റയ്ക്ക് വേണ്ടി ലിവർപൂൾ