ട്രൊസാർഡിന്റെ ഹാട്രിക്കിൽ വിറങ്ങലിച്ച് ആൻഫീൽഡ്!! ലിവർപൂളിനെയും ഞെട്ടിച്ച് ബ്രൈറ്റൺ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ലിവർപൂളും ബ്രൈറ്റണും ഏറ്റുമുട്ടിയപ്പോൾ കണ്ടത് ഒരു ക്ലാസിക് മാച്ചായിരുന്നു. ആൻഫീൽഡ് ഒരുപാടു തവണ കണ്ട് ലിവർപൂളിന്റെ തിരിച്ചുവരവിന്റെ മറ്റൊരു എപിസോഡ് പ്രതീക്ഷിച്ചവരെ ഞെട്ടിച്ച് ബ്രൈറ്റൺ 3-3ന്റെ സമനില ഇന്ന് സ്വന്തമാക്കി. ട്രൊസാർഡിന്റെ ഹാട്രിക്ക് ആണ് ലിവർപൂളിന്റെ വിജയം തട്ടിയെടുത്തത്.

Img 20221001 211745

പുതിയ പരിശീലകൻ ഡെ സെർബിയുടെ ആദ്യ മത്സരത്തിൽ ബ്രൈറ്റണ് സ്വപ്ന തുടക്കമാണ് ലഭിച്ചത്. നാലാം മിനുട്ടിൽ തന്നെ ട്രൊസാർഡിലൂടെ ബ്രൈറ്റൺ ലീഡ് എടുത്തു. വെൽബെകിന്റെ ഒരു ബാക്ക് ഫ്ലിപ് പാസ് സ്വീകരിച്ചായിരുന്നു ട്രൊസാർഡിന്റെ ഫിനിഷ്.

18ആം മിനുട്ടിൽ സമാനമായ രീതിയിൽ ട്രൊസാർഡ് വീണ്ടും അലിസണെ കീഴ്പ്പെടുത്തി ഗോൾ കണ്ടെത്തി. സ്കോർ 0-2. ഇവിടെ നിന്നാണ് ലിവർപൂൾ തിരികെ വന്നത്.

33ആം മിനുട്ടിൽ സലായുടെ അസിസ്റ്റിൽ നിന്ന് ഫർമീനോയുടെ ഫിനിഷ് ലിവർപൂളിനെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. രണ്ടാം പകുതിയിൽ സബ്ബായി എത്തിയ ലൂയിസ് ഡിയസിന്റെ അസിസ്റ്റിൽ നിന്ന് ഫർമീനോ തന്നെ ലിവർപൂളിന്റെ സമനില ഗോളും നേടി.

ആൻഫീൽഡ് 211658

പിന്നെ ലീഡ് എടുക്കാനുള്ള ശ്രമം ആയിരുന്നു. അധികം വൈകാതെ മൂന്നാം ഗോൾ ബ്രൈറ്റൺ ലിവർപൂളിന് ദാനമായി നൽകി. ഒരു കോർണറിൽ ബ്രൈറ്റൺ കീപ്പർ സാഞ്ചേസിന് പറ്റിയ അബദ്ധം വെബ്സ്റ്ററിന്റെ സെൽഫ് ഗോളിന് കാരണമായി. ഇതോടെ ലിവർപൂൾ 3-2ന് മുന്നിൽ എത്തി.

ലിവർപൂൾ ലീഡ് ഉയർത്താനും ബ്രൈറ്റൺ സമനിലക്കായും ശ്രമിച്ചു. 84 മിനുട്ടിൽ ട്രോസാർഡ് വീണ്ടും ലിവർപൂളിന് വില്ലനായി. പെനാൾട്ടി ബോക്സിൽ വാൻ ഡൈക് പന്ത് ക്ലിയർ ചെയ്യാൻ പ്രയാസപ്പെട്ടപ്പോൾ പിറകിൽ നിന്ന് ട്രൊസാർഡിന്റെ ഫിനിഷ്‌. ഹാട്രിക്കും ഒപ്പം സ്കോർ 3-3 എന്നും.

പല വിധത്തിലും ശ്രമിച്ചു എങ്കിലും ലിവർപൂളിന് വിജയ ഗോൾ നേടാൻ അവസാനം വരെ ആയില്ല. ഈ സമനിലയോടെ ലിവർപൂൾ 7 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി ഒമ്പതാം സ്ഥാനത്ത് നിൽക്കുന്നു. 14 പോയിന്റുള്ള ബ്രൈറ്റൺ നാലാം സ്ഥാനത്താണ്‌