മുഹമ്മദ് സലാഹ് വീണ്ടും പ്രീമിയർ ലീഗിലേക്ക്

- Advertisement -

കെവിൻ ഡ്യൂ ബ്രെയ്‌നക്ക് ശേഷം മറ്റൊരു മുൻ ചെൽസി താരം പ്രീമിയർ ലീഗിലേക്ക് മടങ്ങി വരുന്നു. നിലവിലെ റോമാ താരം മുഹമ്മദ് സലാഹാണ് ഏകദേശം 40 മില്യൺ യൂറോയുടെ കരാറിൽ ലിവർപൂൾ താരമാവാൻ ഒരുങ്ങുന്നത്. ഡ്യൂ ബ്രെയ്‌നയെ പോലെ ചെൽസി വിറ്റതിനേക്കാൾ ഏതാണ്ട് ഇരട്ടി തുകയ്ക്കാണ് ഈജിപ്ത്യൻ താരം വീണ്ടും പ്രീമിയർ ലീഗിലേക്ക് മടങ്ങിയെത്തുക എന്നറിയയുന്നു.

2014 ഇൽ ഏകദേശം 11 മില്യൺ യൂറോയോളം മുടക്കിയാണ് സ്വിസ് ക്ലബ്ബായ ബേസലിൽ നിന്ന് സലാഹ് ചെൽസിയിൽ എത്തുന്നത്. എന്നാൽ ഈഡൻ ഹസാർഡും വില്യനും ഒക്കെ നിറഞ്ഞ ചെൽസിയുടെ വിങ്ങിൽ ഇടം നേടാൻ താരത്തിനായില്ല. വെറും 6 പ്രീമിയർ ലീഗ് മത്സരങ്ങളിൽ മാത്രം അവസരം ലഭിച്ച സലാഹിന് കാര്യമായി ഒന്നും ചെയ്യാനായില്ല. പിനീട് 2014 -2015 സീസണിന്റെ തുടക്കത്തിൽ ഇറ്റാലിയൻ ക്ലബ്ബായ ഫിയോറെന്റീനയിൽ വായ്പ അടിസ്ഥാനത്തിൽ എത്തിയ സലാഹ് അവിടെ മികച്ച പ്രകടനം നടത്തി ഇറ്റാലിയൻ ഭീമന്മാരായ റോമയുടെ ശ്രദ്ധയിൽ പെട്ടു. 2015 -2016 സീസണിൽ വായ്പാ അടിസ്ഥാനത്തിൽ തന്നെ റോമയിൽ എത്തിയ സലാഹ് സീരി എ യിലെ തന്നെ മികച്ച താരങ്ങളിൽ ഒരാളായി. പിന്നീട് കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ ഏകദേശം 15 മില്യൺ യൂറോയുടെ കരാറിൽ സലാഹ് റോമയുടെ സ്ഥിരം താരമായി.

കഴിഞ്ഞ സീസണിൽ റോമക്കായി മികച്ച പ്രകടനമാണ് 25 കാരനായ സലാഹ് നടത്തിയത്. 15 ഗോളുകളും 11 അസിസ്റ്റുമായി റോമയുടെ മികച്ച താരമായിരുന്നു സലാഹ്. 40 മില്യൺ യുറോക്ക്‌ സലാഹ് ആൻഫീൽഡിൽ എത്തുന്നതോടെ അവരുടെ ചരിത്രത്തിലെ ഏറ്റവും വില കൂടിയ താരം കൂടിയാവും സലാഹ്. സാഡിയോ മാനെ അടക്കമുള്ള വേഗക്കാരുടെ കൂട്ടത്തിലേക്കു സലാഹ് കൂടി ചേരുന്നതോടെ ഏതൊരു പ്രതിരോധനിരക്കും തലവേദനയാകും ലിവർപൂൾ ആക്രമണ നിര. നേരത്തെ ചെൽസിയുടെ യുവ താരം ഡൊമിനിക് സോളങ്കിയും ലിവർപൂളിൽ എത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement