പൊസ്റ്റെകൊഗ്ലുമായി ടോട്ടനം ചർച്ച നടത്തും, ഓസ്‌ട്രേലിയൻ കോച്ചിൽ പ്രതീക്ഷ അർപ്പിക്കാൻ സ്പർസ്

Nihal Basheer

20230602 203456
Download the Fanport app now!
Appstore Badge
Google Play Badge 1

സെൽറ്റിക്കിനൊപ്പം മായാജാലം തീർക്കുന്ന ഓസ്‌ട്രേലിയൻ കോച്ച് ആഞ്ച് പൊസ്റ്റെകൊഗ്ലുവിനെ എത്തിക്കാനുള്ള സ്പർസ് നീക്കങ്ങൾ മുന്നോട്ട്. പലപേരുകളും മാറിമറിഞ്ഞ ശേഷം 57 കാരനാണ് നിലവിൽ ടോട്ടനത്തിന്റെ പട്ടികയിൽ മുൻപന്തിയിൽ ഉള്ളതെന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. ഇദ്ദേഹവുമായി അടുത്ത വാരം ടീം ചർച്ച നിശ്ചയിച്ചിട്ടുണ്ട്. മുൻ ഓസ്‌ട്രേലിയൻ ദേശിയ ടീം കോച്ച് നിലവിൽ സെൽറ്റിക്കിനൊപ്പം ട്രബിൾ നേട്ടത്തിന്റെ പടിവാതിൽക്കൽ ആണ്. അത് കൊണ്ട് തന്നെയാണ് നാളെ സ്കോട്ടിഷ് കപ്പ് ഫൈനലിന് ശേഷം മാത്രം ചർച്ചകൾ നിശ്ചയിച്ചത്. അതേ സമയം ലൂയിസ് എൻറിക്വെയുടെ പേരും ടോട്ടനം പരിഗണിക്കുന്നതായി റോമാനോ പറയുന്നു. എന്നാൽ പൊസ്റ്റെകൊഗ്ലുമായുള്ള ചർച്ചകൾക്ക് ശേഷം മാത്രമേ മറ്റ് കോച്ചുകളിലേക്ക് ടോട്ടനം ശ്രദ്ധ തിരിക്കൂ.
20230602 203442
ഓസ്‌ട്രേലിയൻ, ജാപ്പനീസ് ക്ലബുകളെ പരിശീലിപ്പിച്ചിട്ടുള്ള പൊസ്റ്റെകൊഗ്ലു 2013 മുതൽ നാല് വർഷം ഓസ്‌ട്രേലിയൻ ദേശിയ ടീമിനും തന്ത്രങ്ങൾ ഓതി. യൂറോപ്പിൽ മുൻപ് ഗ്രീസ് ക്ലബ്ബ് പനചൈകിയെ പരിശീലിപിച്ച പരിചയം മാത്രമുള്ള ഇദ്ദേഹം 2021ലാണ് സെൽറ്റിക്കിൽ എത്തുന്നത്. ആഭ്യന്തര ലീഗിലെ കിരീടം വെക്കാത്ത രാജാക്കന്മാരായ ടീമിനെ പൊസ്റ്റെകൊഗ്ലു വീണ്ടും കിരീടങ്ങളിലേക്ക് നയിച്ചു. തുടർച്ചയായ രണ്ടു തവണ ലീഗും സ്‌കോട്ടിഷ് ലീഗ് കപ്പും നേടിയ ടീം ഇത്തവണ സ്‌കോട്ടിഷ് കപ്പ് ഫൈനലിലും എത്തി ട്രെബിൾ നേട്ടത്തിന് തൊട്ടരിക്കെയാണ്. ശനിയാഴ്‌ച വൈകിട്ട് ഇൻവെഴ്നെസിനെതിരായ ഫൈനൽ കൂടി ജയിച്ച് ആഭ്യന്തര സീസണിൽ അപ്രമാദിത്വം നിലനിർത്താൻ ആണ് ടീമിന്റെ ശ്രമം. എന്നാൽ ടോട്ടനവുമായി ബന്ധപ്പെട്ട വാർത്തകളോട് പൊസ്റ്റെകൊഗ്ലു പ്രതികരിച്ചില്ല. ഇപ്പോൾ ശ്രദ്ധ ശനിയാഴ്ച ഫൈനലിൽ മാത്രമണെന്നും ഓരോ വാരവും ഓരോരുത്തരുടെ പേരുകൾ പരിശീലക സ്ഥാനത്തേക്ക് ഉയർന്നു വരുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നിലവിൽ സെൽറ്റിക്ക് ചാമ്പ്യൻസ് ലീഗിൽ കളിക്കുന്നുണ്ടെന്നും മറ്റെല്ലാവരേയും പോലെ ഏറ്റവും ഉയർന്ന നിലവാരമുള്ള ടൂർണമെന്റുകളിൽ തന്നെ കളിക്കാനാണ് താനും ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം സൂചിപ്പിച്ചു.