Site icon Fanport

പരിശീലന ഗ്രൗണ്ട് താരങ്ങൾക്ക് തുറന്ന് കൊടുത്ത് ടോട്ടൻഹാം

കൊറോണ വൈറസ് ബാധ മൂലം അടച്ചിട്ട പരിശീലന ഗ്രൗണ്ടുകൾ താരങ്ങൾക്ക് തുറന്ന് കൊടുത്ത് ടോട്ടൻഹാം. ടോട്ടൻഹാമിന്റെ പരിശീലന ഗ്രൗണ്ടിലെ ചില ഗ്രൗണ്ടുകൾ മാത്രമാണ് നിലവിൽ തുറന്നു കൊടുത്തിരിക്കുന്നത്. എന്നാൽ ശക്തമായ നിയന്ത്രങ്ങൾ പാലിച്ചു മാത്രമേ പരിശീലന സൗകര്യങ്ങൾ ഉപയോഗിക്കാവു എന്ന് താരങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഓരോ സമയം ഒരു താരത്തിന് മാത്രമേ പരിശീലന ഗ്രൗണ്ട് ഉപയോഗിക്കാൻ സാധിക്കു. ഓരോ ദിവസവും ട്രെയ്നിങ് ഗ്രൗണ്ട് ഉപയോഗിക്കുന്ന താരങ്ങളുടെ എണ്ണത്തിലും ടോട്ടൻഹാം നിയന്ത്രണം കൊണ്ട് വന്നിട്ടുണ്ട്. പരിശീലന ഗ്രൗണ്ട് ഉപയോഗിക്കുമ്പോൾ താരങ്ങളും പരിശീലക സ്റ്റാഫുകളും സോഷ്യൽ ഡിസ്റ്റൻസിങ് പാലിക്കണമെന്നും ക്ലബ് വ്യക്തമാക്കിയിട്ടുണ്ട്.

താരങ്ങൾ ഒറ്റക്ക് യാത്ര ചെയ്ത് വേണം ട്രെയിനിങ് ഗ്രൗണ്ടിൽ എത്തേണ്ടതെന്നും ട്രെയിനിങ് വസ്ത്രങ്ങൾ നേരത്തെ ധരിച്ചതിന് ശേഷം മാത്രമേ ഗ്രൗണ്ടിൽ എത്താൻ പാടുള്ളു എന്നും ക്ലബ് വ്യക്തമാക്കിയിട്ടുണ്ട്.  പരിശീലനം കഴിഞ്ഞാൽ താരങ്ങൾ ഉടൻ തന്നെ തിരിച്ചുപോവണമെന്നും പരിശീലന ഗ്രൗണ്ടിലെ ബിൽഡിങ്ങിൽ പ്രവേശിക്കരുതെന്നും താരങ്ങൾക്ക് നിർദേശം കൊടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം മറ്റൊരു പ്രീമിയർ ലീഗ് ക്ലബായ ആഴ്‌സണലും പരിശീലന ഗ്രൗണ്ട് താരങ്ങൾക്ക് തുറന്ന് കൊടുത്തിരുന്നു.

Exit mobile version