ഹാരി കെയ്ൻ ഇല്ലെങ്കിൽ എന്ത്. പിറകിൽ നിന്ന് ജയിച്ച് കയറി ടോട്ടൻഹാം

Photo: Twitter/@SpursOfficial

പ്രീമിയർ ലീഗിൽ 80 മിനിറ്റ് വരെ പിറകിൽ നിന്നതിനു ശേഷം ജയിച്ചു കയറി ടോട്ടൻഹാം. വാട്ഫോർഡിനെയാണ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് ടോട്ടൻഹാം ടോപ് ഫോർ സാധ്യത സജീവമാക്കിയത്. ഒരു ഗോളും ഒരു അസിസ്റ്റുമായി കളം നിറഞ്ഞു കളിച്ച ലോറെൻറെയാണ് ടോട്ടൻഹാമിന്‌ വിജയം നേടി കൊടുത്തത്.  ഒരു വേള സ്വന്തം ഗ്രൗണ്ടിൽ തോൽവി മുൻപിൽ കണ്ട സമയത്താണ് അവസാന മിനിറ്റുകളിൽ ഗോളടിച്ച് ടോട്ടൻഹാം ജയം സ്വന്തമാക്കിയത്. കഴിഞ്ഞ ആഴ്ചയിൽ ലീഗ് കപ്പിൽ നിന്നും എഫ്.എ കപ്പിൽ നിന്നും പുറത്തായ ടോട്ടൻഹാമിന്‌ ഈ വിജയം ആശ്വാസം നൽകും. പ്രമുഖ താരങ്ങളുടെ പരിക്കിലും പ്രീമിയർ ലീഗിൽ ജയിക്കാനായത് ടോട്ടൻഹാമിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കും.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ക്രെയ്ഗ് കാത്കാർട്ടിന്റെ ഗോളിലാണ് വാട്ഫോർഡ് മുൻപിലെത്തിയത്. എന്നാൽ രണ്ടാം പകുതിയിൽ മികച്ച പ്രകടനം പുറത്തെടുത്ത ടോട്ടൻഹാം ഏഷ്യൻ കപ്പ് കഴിഞ്ഞ് ടീമിൽ തിരിച്ചെത്തിയ സോണിന്റെ ഗോളിൽ 80ആം മിനുട്ടിൽ സമനില പിടിക്കുകയായിരുന്നു. ലോറെൻറെയുടെ പാസിൽ നിന്നാണ് സോൺ ഗോൾ നേടിയത്. തുടർന്നും ആക്രമിച്ച കളിച്ച ടോട്ടൻഹാം 87ആം മിനിറ്റിൽ ലോറെൻറെയിലൂടെ വിജയ ഗോൾ നേടുകയായിരുന്നു. റോസിന്റെ ക്രോസിൽ ഹെഡറിലൂടെയാണ് ലോറെൻറെ ഗോൾ നേടിയത്. ജയത്തോടെ നാലാം സ്ഥാനത്തുള്ള ആഴ്സനലിനേക്കാൾ 7 പോയിന്റിന്റെ ലീഡ് നിലനിർത്താനും ടോട്ടൻഹാമിനായി.

Previous articleഹാമിള്‍ട്ടണില്‍ പരമ്പരയിലെ ആദ്യത്തെ തോല്‍വിയേറ്റു വാങ്ങി ഇന്ത്യ
Next articleസ്റ്റോയിനിസ് അരങ്ങേറ്റത്തിനായി കാത്തിരിക്കണം, മാറ്റങ്ങളില്ലാതെ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിനു തയ്യാര്‍