വമ്പൻ തിരിച്ചുവരവിൽ പുതിയ പരിശീലകന് കീഴിൽ ജയവുമായി ടോട്ടൻഹാം

പുതിയ പരിശീലകന് കീഴിൽ ആദ്യ മത്സരത്തിന് ഇറങ്ങിയ ടോട്ടൻഹാമിന് വമ്പൻ ജയം. മത്സരത്തിൽ പിന്നിട്ട് നിന്നതിന് ശേഷം 2 ഗോൾ തിരിച്ചടിച്ചാണ് ടോട്ടൻഹാം ജയം സ്വന്തമാക്കിയത്. ഇഞ്ചുറി ടൈമിൽ നേടിയ പെനാൽറ്റി ഗോളടക്കം ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ടോട്ടൻഹാം സൗതാമ്പ്ടണെ പരാജയപ്പെടുത്തിയത്. പരിശീലകനായിരുന്ന ജോസെ മൗറിനോയെ പുറത്താക്കിയതിന് ശേഷമുള്ള ടോട്ടൻഹാമിന്റെ ആദ്യ മത്സരം കൂടിയായിരുന്നു ഇത്.

പുതിയ പരിശീലകനായുള്ള റയാൻ മേസന്റെ കീഴിൽ നേടിയ ജയം ടോട്ടൻഹാമിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ സജീവമാക്കും. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഡാനി ഇങ്‌സിന്റെ ഗോളിൽ സൗതാമ്പ്ടൺ ആണ് മത്സരത്തിൽ ആദ്യ ലീഡ് നേടിയത്. എന്നാൽ രണ്ടാം പകുതിയിൽ ഗാരെത് ബെയ്‌ലിന്റെ ഗോളിലൂടെ സമനില നേടിയ ടോട്ടൻഹാം ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റി ഗോളിലൂടെ മത്സരത്തിൽ ജയം സ്വന്തമാക്കുകയായിരുന്നു. സെർജിയോ റെഗുലിയനെ സൗതാമ്പ്ടൺ താരം മൗസ ജെനെപ്പു ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി സോൺ ഗോളാക്കി മാറ്റുകയായിരുന്നു.

Exit mobile version