പ്രീമിയർ ലീഗ്: സ്പർസ് ഇന്ന് പാലസിനെ നേരിടും

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ശക്തരായ സ്പർസ് ഇന്ന് ക്രിസ്റ്റൽ പാലസിനെ നേരിടും. പാലസിന്റെ മൈതാനത്ത് ഇന്ന് ഇന്ത്യൻ സമയം രാത്രി 11 മണിക്കാണ് മത്സരം കിക്കോഫ്.

പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്ത് തുടരുന്ന സ്പർസ് ഇന്ന് ജയത്തോടെ നില മെച്ചപ്പെടുത്താനാവും ശ്രമിക്കുക. ലീഗിൽ പതിനാലാം സ്ഥാനത്ത് ആണെങ്കിലും സ്വന്തം മൈതാനത്ത് മികച്ച പ്രകടനം നടത്താൻ കെൽപുള്ളവരാണ്‌ പാലസ്. പക്ഷെ സ്പർസിനെതിരെ അവസാനം കളിച്ച 6 മത്സരങ്ങളിലും പാലസിന് തോൽവി വഴങ്ങേണ്ടി വന്നിട്ടുണ്ട്.

സ്പർസ് നിരയിലേക്ക് പരിക്ക് മാറി എറിക് ഡയർ, അലി, എറിക്സൻ, വൻയാമ എന്നിവർ തിരിച്ചെത്തും. പാലസ് നിരയിൽ ബെൻന്റെകെ, വികാം, സ്കോട്ട് ഡാൻ എന്നിവർ ഏറെ നാളായി പരിക്കിന്റെ പിടിയിലാണ്. സ്പർസിന് ഇന്ന് ജയിക്കാൻ ആയില്ലെങ്കിൽ ആഴ്സണൽ അവരെ മറികടന്ന് നാലാം സ്ഥാനത്തേക്ക് മുന്നേറാൻ സാധ്യത കൂടുതലാണ്.

പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന മറ്റു മത്സരങ്ങളിൽ കാർഡിഫ് ബ്രയ്റ്റനേയും, ഹഡേഴ്‌സ്ഫീൽഡ് വെസ്റ്റ് ഹാമിനെയും, ലെസ്റ്റർ ബേൺലിയെയും, ന്യൂകാസിൽ ബൗന്മൗത്തിനെയും, വാട്ട്ഫോർഡ് സൗത്താംപ്ടനെയും നേരിടും.