ടിയേർനിക്ക് ആഴ്സണലിൽ പുതിയ ദീർഘകാല കരാർ

ആഴ്സണൽ ഫുൾബാക്കായ ടിയേർനി ക്ലബിൽ പുതിയ കരാർ ഒപ്പുവെച്ചു. അഞ്ച് വർഷം ദൈർഘ്യമുള്ള പുതിയ കരാർ ആണ് ടിയേർനി ക്ലബിൽ ഒപ്പുവെച്ചത്. 2019ലെ സമ്മറിൽ കെൽറ്റിക്കിൽ നിന്ന് ആയിരുന്നു താരം ആഴ്സണലിൽ എത്തിയത്. സ്കോട്ട്ലൻഡ് ഇന്റർനാഷണൽ താരം ഇതുവരെ 62 മത്സരങ്ങളിൽ ആഴ്സണൽ ജേഴ്സി അണിഞ്ഞിട്ടുണ്ട്.
 
24 കാരനായ ഡിഫൻഡർ ആദ്യ സീസണിൽ ആഴ്സണലിനൊപ്പം എഫ് എ കപ്പ് ഉയർത്തിയിരുന്നു. ആ സീസൺ എഫ് എ കപ്പ് സെമി ഫൈനലിൽ വിജയ ഗോൾ നേടുകയും ഫൈനലിൽ ചെൽസിക്കെതിരായ ജയത്തിൽ നിർണായക പങ്കുവഹിക്കികയും ചെയ്തിരുന്നു. യൂറോ കപ്പിൽ സ്കോട്ലൻഡിനായും ടിയേർനി നല്ല പ്രകടനം കാഴ്ചവെച്ചിരുന്നു. മുമ്പ് കെൽറ്റിക്കൊപ്പം 170 മത്സരങ്ങൾ കളിച്ച താരം നാല് സ്കോട്ടിഷ് പ്രീമിയർ ലീഗ് കിരീടങ്ങൾ അടക്കം എട്ടു കിരീടങ്ങൾ അവിടെ നേടിയിരുന്നു.