പ്രീമിയർ ലീഗ് ടീം പ്രിവ്യൂ : ചെൽസി

- Advertisement -

നിലവിലെ ജേതാക്കളാണെങ്കിലും അത്രയൊന്നും ആത്മവിശ്വാസത്തോടെയാവില്ല ചെൽസി ഈ സീസണിൽ കളിക്കാൻ ഇറങ്ങുക. പരിശീലകൻ അന്റോണിയോ കോണ്ടേ ആവശ്യപ്പെട്ട പല കളിക്കാരെയും ഇതുവരെ ട്രാൻസ്ഫർ മാർക്കറ്റിൽ നിന്ന് എത്തിക്കാൻ ചെൽസിക്ക് ആയിട്ടില്ല. പോയ മൂന്ന് സീസണുകളിലും ആക്രമണം നയിച്ച ഡിയഗോ കോസ്റ്റയില്ലാതെയാവും നീലപടയുടെ ഇനിയുള്ള യാത്ര. പരിശീലകനുമായി ഉടക്കി ടീമിന് പുറത്തായതാണെങ്കിലും ഒരു മെസ്സേജിലൂടെ കോസ്റ്റയെ പുറത്താക്കാൻ തീരുമാനിച്ച കൊണ്ടേയുടെ നടപടിയോട് ഡ്രസിങ് റൂം പോരിന് പേരുകേട്ട ചെൽസി കളിക്കാർ എങ്ങനെ പ്രതികരിക്കും എന്ന് കണ്ടറിയണം.
2015 ഇൽ കിരീടം നേടിയ ശേഷം പാതാളത്തോളം താഴെ പോയ അവസ്ഥ വരാതിരിക്കാൻ ശ്രദ്ധിക്കുക എന്നതാവും കൊണ്ടേയുടെ മുൻഗണന.

യുവന്റസിന്റെ അലക്‌സ് സാൻഡ്രോ അടക്കമുള്ളവരെ വലയിലാക്കാൻ ചെൽസി രംഗത്ത് ഉണ്ടെങ്കിലും വൈകിയ വേളയിൽ കാര്യങ്ങൾ എത്രത്തോളം ശുഭകരമാവും എന്നത് കണ്ടു തന്നെ അറിയണം. പരിശീലകൻ അന്റോണിയോ കൊണ്ടേയുടെ കരാർ പുതുക്കാൻ ആയെങ്കിലും ഈഡൻ ഹസാർഡ് അടക്കമുള്ളവരുടെ പുതിയ കരാറിനെ സംബന്ധിച്ചുള്ള ആശങ്കകളും ഉടൻ പരിഹരിക്കപ്പെടേണ്ടതുണ്ട്.

പുത്തൻ താരങ്ങൾ

ആൽവാരോ മൊറാത

ചെൽസിയുടെ എക്കാലത്തെയും വില കൂടിയ താരം എന്ന പേരുമായി വരുന്ന മൊറാത്തക്കും കാര്യങ്ങൾ അത്ര എളുപ്പമാവാൻ ഇടയില്ല. പ്രത്യേകിച്ചും ഡിയഗോ കോസ്റ്റക്ക് പകരകാരനാവുക എന്ന വലിയ ഉത്തരവാദിത്തം പേറുമ്പോൾ.
റയൽ മഡ്രിഡിൽ പകരക്കാരന്റെ റോളിൽ നിന്ന് ചെൽസിയുടെ മുഴുവൻ സമയ ആക്രമണ നിരയിലേക്ക് മാറുമ്പോൾ ഏറെ കാര്യങ്ങൾ വശമാകാനുണ്ട്. താരതമ്യേന ശാരീരിക ക്ഷമതയിൽ പിന്നിലാണ് മൊറാത്ത എന്ന് പരിശീലകൻ അന്റോണിയോ കോണ്ടേ തന്നെ സമ്മതിച്ചതുമാണ്. അതുകൊണ്ട് കരുത്തിന് പേരുകേട്ട പ്രീമിയർ ലീഗിൽ ഗോൾ നേടാൻ മൊറാത്ത ഇതുവരെ കളിച്ചതിൽ നിന്നുമൊക്കെ ഏറെ മാറേണ്ടി വരും. ഏതായാലും ചെറിയ പ്രായത്തിനിടയിൽ വലിയ പരിചയ സമ്പന്നതയുടെ പിൻബലവുമായി വരുന്ന ആൽവാരോ ചെൽസി ആരാധകർക്ക് ഗോൾ വിരുന്ന് ഒരുക്കുമെന്ന് പ്രതീക്ഷിക്കാം.

ടിയേമോ ബകയോക്കോ

മൊറാത്തക്ക് മുന്നിലുള്ള എല്ലാ വെല്ലുവിളികളും ബകയോകോക്ക് മുന്നിലും ഉണ്ട്. പ്രീമിയർ ലീഗിൽ ഇതിന് മുൻപ് മത്സര പരിചയമില്ലാത്ത ബകയോക്കോ പകരമാവേണ്ടത് കഴിഞ്ഞ സീസണിൽ ബഹു ഭൂരിപക്ഷം സമയവും മധ്യനിരയിൽ കാൻറെയോടൊപ്പം മികച്ച പ്രകടനം നടത്തിയ മാറ്റിച്ചിനാണ്.

സീസൺ അവസാനത്തോടെ കാലിനേറ്റ പരിക്കിൽ നിന്ന് നേരെ പ്രീമിയർ ലീഗിന്റെ മല്ല യുദ്ധ കളത്തിലേക്കിറങ്ങുമ്പോൾ ഫ്രാൻസിൽ പഴറ്റിയ അടവുകൾ തികയാതെ വന്നേക്കും. പക്ഷെ എൻഗോലോ കാൻറെയെപോലൊരു മിഡ്ഫീൽഡ് പങ്കാളി ഉണ്ടാവുക എന്നത് മറ്റെന്തിനെക്കാളും ആത്മവിശ്വാസം നൽകുന്നതാണ്. മോണക്കോയിലെ പ്രകടനം ആവർത്തിച്ചാൽ ചെൽസിയുടെ മധ്യനിരയും കടന്ന് ആക്രമണം മെനയുക എന്നത് എതിരാളികൾക്ക് വൻ കടമ്പ തന്നെയാവും.

അന്റോണിയോ റുഡീകർ

റുഡികറിന്റെ വരവോടെ അന്റോണിയോ കൊണ്ടേക്ക് കഴിഞ്ഞ സീസണിൽ വിജയം കണ്ട 3-4-3 ഫോർമേഷനിൽ നിന്ന് അത്യാവശ്യ ഘടങ്ങളിൽ മാറ്റം വരുത്താൻ സാധിക്കും. 4-2-4 ശൈലിയുടെയും വലിയ ആരാധകനായ കൊണ്ടേക്ക് ഈ ഫോർമേഷനിൽ വിശ്വസിച്ച് സെന്റർ ബാക്ക് ആയോ , റൈറ്റ് ബാക്ക് ആയോ കളിപ്പിക്കാൻ പറ്റുന്ന താരമാണ് റൂഡിഗർ.

പ്രതിരോധത്തിന്റെ ഈറ്റില്ലമായ ഇറ്റാലിയൻ ലീഗിൽ റോമയോടൊപ്പം കളിച്ചതിന്റെ ആത്മവിശ്വാസം കൂടി ചേരുമ്പോൾ കൊണ്ടേക്ക് കീഴിൽ വേറെ ലെവലിലേക്ക് ഉയരാൻ കെൽപും പ്രാപ്തിയും ഉള്ള താരമാണ് റുഡിഗർ.

ബില്ലി കാബലേറോ

ഒന്നാം നമ്പർ ഗോൾ കീപ്പർ തിബോ കോർട്ടോയുടെ ബാക് അപ് ആണെങ്കിലും അത്യാവശ്യ ഘട്ടങ്ങളിൽ മികച്ച പ്രകടനം നടത്താൻ പ്രാപ്തിയുള്ള താരം. മാഞ്ചസ്റ്റർ സിറ്റിയിൽ കഴിഞ്ഞ സീസണിൽ ക്ലാഡിയോ ബ്രാവോ തീർത്തും നിറം മങ്ങിയ പ്രകടനങ്ങൾ നടത്തിയപ്പോൾ പെപ് ഗാർഡിയോളയുടെ ഒന്നാം നമ്പർ ഗോളിയായി. പെനാൽറ്റി തടുക്കുന്നതിൽ ഉള്ള മിടുക്കും ചെൽസിക്ക് തുണയാകും.

 

ജോണ് ടെറി ക്ലബ്ബ് വിട്ടതോടെ പുതിയ ക്യാപ്റ്റൻ ആയി ഗാരി കാഹിൽ എത്തുന്ന സീസണിൽ നതാനിയേൽ ചാലോഭ , ലോഫ്റ്റസ് ചീക് , നെമഞ്ഞ മാറ്റിച് , കുർട്ട് സൂമ തുടങ്ങിയ താരങ്ങൾ ക്ലബ്ബ് വിടുകയും ചെയ്തു.

അന്ദ്രയാസ് ക്രിസ്റ്റിയൻസൻ, ചാർളി മുസോണ്ട , ജെറോമി ബോഗ എന്നീ യുവ താരങ്ങളെ ടീമിൽ നില നിർത്താൻ പരിശീലകൻ അന്റോണിയോ കോണ്ടേ തീരുമാനിച്ചിട്ടുണ്ട്.

 

ഈഡൻ ഹസാർഡ് പരിക്കിന്റെ പിടിയിലാണ് എന്നതും ചെൽസിക്ക് ആശങ്കയാവും, സീസണ് തുടക്കത്തിലേ ഏതാനും മത്സരങ്ങളിൽ താരം ഉണ്ടാവില്ല എന്നത് ഉറപ്പായിട്ടുണ്ട്.
കഴിഞ്ഞ സീസണിൽ നിലനിർത്തിയ പ്രതിരോധ മികവ് നിലനിർത്തുകയും ഡിയഗോ കോസ്റ്റക്ക് ഒത്ത പകരകാരനാവാൻ മൊറാത്തക് സാധിക്കുകയും ചെയ്താൽ കിരീടം നിലനിർത്താൻ നീലപടക്ക് ആയേക്കും.

ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ഇനിയും ദിവസങ്ങൾ ബാക്കിയിരിക്കെ ഇനി ആരൊക്കെ ടീമിൽ വരുന്നു എന്നതും നീലപടയുടെ വരും സീസണിന്റെ വിധി നിർണയിക്കുന്ന ഘടകമാവും.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement