
ചുവന്ന ചെകുത്താന്മാർ വിജയക്കുതിപ്പ് തുടരുകയാണ്, സീസണിലെ മൂന്നാമത്തെ മത്സരത്തിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് ഏകപക്ഷീയ വിജയം. ഓൾഡ് ട്രാഫോഡിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയത്. പകരക്കാരായി ഇറങ്ങിയ രാഷ്ഫോർഡും ഫെല്ലെയ്നിയുമാണ് മാഞ്ചസ്റ്ററിന്റെ ഗോളുകൾ നേടിയത്.
കഴിഞ മത്സരങ്ങളിൽ ഇറക്കിയ ആദ്യ ഇലവനിൽ നിന്നും രാഷ്ഫോർഡിന് പകരം മാര്ഷ്യലിനെ ഇറക്കിയാണ് മൗറീൻഹോ മത്സരം തുടങ്ങിയത്. തുടക്കം മുതൽ ലെസ്റ്റർ സിറ്റിയുടെ ഗോൾ മുഖത്ത് ആക്രമണം അഴിച്ചു വിട്ട മാഞ്ചസ്റ്റർ യുണൈറ്റഡിന് മുന്നിൽ വിലങ്ങു തടിയായി നിന്നത് ലെസ്റ്റർ ഗോൾ കീപ്പർ പീറ്റർ ഷ്മൈക്കിൽ ആയിരുന്നു. അതിനിടയിൽ മാറ്റ പന്ത് വലയിൽ എത്തിച്ചു എങ്കിലും റഫറി ഓഫ്സൈഡ് വിളിക്കുകയായിരുന്നു, തൊട്ടടുത്ത നിമിഷം തന്നെ മാറ്റയുടെ മികച്ചൊരു കിക്ക് ഗോൾ കീപ്പർ തട്ടി തെറിപ്പിക്കുകയും കൂടെ ചെയ്തപ്പോൾ ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ അവസാനിക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ കൂടുതൽ ആക്രമണം അഴിച്ചു വിട്ട മാഞ്ചസ്റ്ററിന് അതിന്റെ ഫലമായി പെനാൽറ്റി ലഭിച്ചു എങ്കിലും ലുകാകുവിന്റെ ഷോട്ട് ഗോൾ കീപ്പർ പീറ്റർ ഷ്മൈക്കിൽ തട്ടി തെറിപ്പിച്ചതോടെ മത്സരം വീണ്ടും സമനിലയിൽ തുടർന്നു. മാറ്റക്ക് പകരം രാഷ്ഫോർഡ് കളത്തിൽ ഇറങ്ങിയതോടെ മാഞ്ചസ്റ്ററിന്റെ ആദ്യ ഗോളും പിറന്നു. മിഖിതാര്യന്റെ പാസിൽ രാഷ്ഫോർഡ് ആണ് ഗോൾ നേടിയത്. മാര്ഷ്യലിന് പകരം ലിംഗാർഡും മിഖിതാര്യന് പകരം ഫെല്ലെയ്നിയും തുടർന്ന് കളത്തിൽ ഇറങ്ങി. ലിംഗാർഡ് നടത്തിയ മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ ഫെല്ലെയ്നി രണ്ടാം ഗോളും നേടിയതോടെ യുണൈറ്റഡ് വിജയം ഉറപ്പിച്ചു.
സീസണിലെ മൂന്നു മത്സരങ്ങളും ഗോൾ ഒന്നും വഴങ്ങാതെയാണ് യുണൈറ്റഡ് പൂർത്തിയാക്കിയത്, 2005-06 സീസണിന് ശേഷം ആദ്യമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോളുകൾ ഒന്നും വഴങ്ങാതെ ആദ്യ മൂന്നു മത്സരങ്ങൾ പൂർത്തിയാക്കുന്നത്. മൂന്നു മത്സരങ്ങളും വിജയിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെയാണ് ലീഗ് ടേബിളിൽ ഒന്നാമത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial