സ്റ്റെർലിങ് രക്ഷകനായി, സിറ്റി വിജയ പരമ്പര തുടരുന്നു

ഹടെഴ്സ്ഫീൽഡിന്റെ ചെറുത്ത് നിൽപ്പിനും സിറ്റിയെ തടുക്കാനായില്ല. 1-2 ന്റെ ജയത്തോടെ സിറ്റി ലീഗ് ജേതാക്കൾ ആവാനുള്ള കുതിപ്പിൽ തുടർച്ചയായ 11 ആം ജയമാണ് സ്വന്തമാക്കിയത്. ആദ്യം ലീഡ് നേടി സിറ്റിയെ ഞെട്ടിച്ച ഹടെഴ്സ്ഫീൽഡ് മികച്ച പ്രതിരോധം നടത്തിയെങ്കിലും സിറ്റിയുടെ ആക്രമണ നിരയെ ജയിക്കുന്നതിൽ നിന്ന് തടയാൻ അവർക്കായില്ല.

ആക്രമണ നിരയിൽ അഗ്യൂറോ, സ്റ്റെർലിങ്, സാനെ സഖ്യത്തെയാണ് പെപ്പ് ഇത്തവണയും നിയമിച്ചത്. ഗബ്രിയേൽ ഹെസൂസ് ഇത്തവണയും ബെഞ്ചിലായിരുന്നു. ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ ആക്രമണ നിരയെ മികച്ച രീതിയിൽ തന്നെ ഡേവിഡ് വാഗ്‌നറിന്റെ ടീം പ്രതിരോധിച്ചു. സിറ്റിക്ക് 8 ഷോട്ടുകൾ നടത്താൻ ആയെങ്കിലും ഒന്ന് മാത്രമാണ് ടാർഗേറ്റിലേക്ക് എത്തിയത്. ഹടെഴ്സ്ഫീൽഡിന് പക്ഷെ ആക്രമണത്തിൽ കാര്യമായി ഒന്നും ചെയാനും ആയില്ല. പക്ഷെ 45 ആം മിനുട്ടിൽ ലീഗ് ലീഡേഴ്സിനെ ഞെട്ടിച്ച ഹടെഴ്സ്ഫീൽഡ് ഗോൾ പിറന്നു. കോർണർ കിക്ക് ക്ലിയർ ചെയ്യുന്നതിൽ ഒറ്റാമെണ്ടിക്ക് പിഴച്ചപ്പോൾ പന്ത് സെൽഫ് ഗോളായി സിറ്റി വലയിൽ പതിച്ചു.

രണ്ടാം പകുതി തുടങ്ങി 1 മിനുറ്റ് പിന്നിട്ടപ്പോൾ തന്നെ സിറ്റി സമനില ഗോൾ കണ്ടെത്തി. സ്റ്റർലിങ്ങിനെ ബോക്സിൽ വീഴ്ത്തിയതിന് റഫറി പെനാൽറ്റി വിധിച്ചപ്പോൾ കിക്കെടുത്ത അഗ്യൂറോ പന്ത് വലയിലാക്കി സീസണിൽ തന്റെ 9 ആം ലീഗ് ഗോൾ സ്വന്തമാക്കി. പിന്നീടങ്ങോട്ട് ഭൂരിപക്ഷം സമയവും പന്ത് കൈവശം വച്ച  സിറ്റി നിരന്തരം ആക്രമണം അഴിച്ചു വിട്ടു. പക്ഷെ ഹടെഴ്സ്ഫീൽഡ് മികച്ച പ്രധിരോധം നടത്തിയതോടെ മത്സരം സമനിലയിൽ അവസാനിക്കും എന്ന അവസ്ഥയിൽ നിൽക്കെ റഹീം സ്റ്റെർലിങ് സിറ്റിയുടെ രക്ഷകനായി. 84 ആം മിനുട്ടിലാണ് അൽപം ഭാഗ്യത്തിന്റെ കൂടെ അകമ്പടിയുള്ള സ്റെർലിംഗിന്റെ വിജയ ഗോൾ പിറന്നത്. ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുനൈറ്റഡിനേക്കാൾ 8 പോയിന്റ് മുന്നിലാണ് സിറ്റി. 15 പോയിന്റുള്ള ഹടെഴ്സ്ഫീൽഡ് 11 ആം സ്ഥാനത്താണ്‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial