വിജയ വഴിയിൽ തിരിച്ചെത്താൻ സ്പർസ് ഇന്ന് ലെസ്റ്ററിനെതിരെ

- Advertisement -

പ്രീമിയർ ലീഗിലെ മിഡ് വീക്ക് പോരാട്ടങ്ങൾ ഇന്ന് തുടങ്ങുമ്പോൾ ടോട്ടൻഹാമിന് എതിരാളികൾ ലെസ്റ്റർ സിറ്റി. കിംഗ്‌ പവർ സ്റ്റേഡിയത്തിൽ സ്പർസ് ഇറങ്ങുമ്പോൾ കിരീട പോരാട്ടത്തിൽ ഇനിയും പിറകിൽ പോകാൻ പറ്റാത്ത സാഹചര്യമാണ്. കിരീട സാധ്യതകൾ പോചെട്ടിനോ കുറവാണെന്നു പറഞ്ഞിട്ടുണ്ടെങ്കിലും കഴിഞ്ഞ മത്സരത്തിൽ സമനിലയിൽ പിരിഞ്ഞതിന്റെ ക്ഷീണം തീർക്കാനാവും അവരിറങ്ങുക. ക്ളോഡ് പ്യുവലിന്റെ കീഴിൽ പതുക്കെയാണെങ്കിലും പുരോഗതി കൈവരിക്കുന്ന ലെസ്റ്റർ 3 മത്സരസങ്ങൾക്ക് ശേഷമുള്ള ആദ്യ ജയമാവും ലക്ഷ്യമിടുക.

പരിക്ക് മാറി മധ്യനിര താരം എറിക് ലമേല ഇന്ന് സ്പർസ് ടീമിലേക്ക് തിരിച്ചെത്തും. പകരക്കാരുടെ ബെഞ്ചിൽ ലമേല ഉണ്ടാവുമെന്ന് ഉറപ്പാണ്. 2016 ഒക്ടോബറിന് ശേഷം ആദ്യമായാണ് താരം സ്പർസ് ടീമിൽ ഇടം നേടുന്നത്. വെസ്റ്റ് ഹാമിനെതിരെ കളിച്ച അതേ ടീമിനെ തന്നെയാവും ലെസ്റ്റർ കളത്തിലിറക്കുക. കിംഗ്‌ പവർ സ്റ്റേഡിയത്തിൽ ലെസ്റ്ററിനെ 4 തവണ നേരിട്ട സ്പർസ് 11 ഗോളുകളാണ് നേടിയത്. ആ മികച്ച റെക്കോർഡ് സ്പർസ് ഇന്ന് തുടർന്നാൽ ലെസ്റ്ററിന് കാര്യങ്ങൾ എളുപ്പമാവില്ല. പക്ഷെ വെംബ്ലിയിൽ വെസ്റ്റ് ബ്രോമിനോട് സമനില വഴങ്ങിയ സ്പർസിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല എന്നത് ലെസ്റ്ററിന് പ്രതീക്ഷ നൽകുന്നതാണ്. അവസാനത്തെ 2 പ്രീമിയർ ലീഗ് എവേ മത്സരങ്ങളും തോറ്റ സ്പർസിന് ഇന്ന് അത് തിരുത്തുക എന്നത് തന്നെയാവും ലക്ഷ്യം. ക്രിസ്റ്റിയൻ എറിക്സന്റെ ഫോം ഇല്ലായ്മയും സ്പർസിന് ആശങ്കയാവും. പക്ഷെ ഹാരി കെയ്ൻ വീണ്ടും ഗോൾ കണ്ടെത്താൻ തുടങ്ങിയത് സ്പർസിന് ഉണർവേകും.

ഇന്ന് പുലർച്ചെ 1.15 നാണ് മത്സരം കിക്കോഫ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement