നിരാശയിൽ സ്പർസ്, ലീഡ്സിന് മുന്നിൽ തകർന്നടിഞ്ഞു

20210508 185947

പരിശീലകൻ മാറി എങ്കിലും ടോട്ടനത്തിന്റെ കാര്യത്തിൽ മാറ്റമൊന്നുമില്ല. ഇന്ന് പ്രീമിയർ ലീഗിൽ പരാജയപ്പെട്ടതോടെ സ്പർസിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷ വിദൂരത്തായി. ഇന്ന് ലീഡ്സിൽ ചെന്ന് ലീഡ്സ് യുണൈറ്റഡിനെ നേരിട്ട സ്പർസ് ഒന്നിനെതിരെ മൂന്നു ഗോളുകളുടെ പരാജയമാണ് ഏറ്റുവാങ്ങിയത്. ലീഡ്സിന്റെ കൗണ്ടർ അറ്റാക്കുകൾക്ക് മുന്നിൽ പതറുന്ന സ്പർസിനെയാണ് ഇന്ന് കണ്ടത്.

മത്സരം ആരംഭിച്ചു 12ആം മിനുട്ടിൽ തന്നെ ഡല്ലാസിലൂടെ ലീഡ്സ് മുന്നിൽ എത്തി. റെഗുലിയന്റെ ഒരു സെൽഫ് ഗോൾ ആകുന്ന ടച്ച് ലോറിസ് രക്ഷപ്പെടുത്തി എങ്കിലും റീബൗണ്ടിലൂടെ ഡലസ് ലീഡ്സിന് ലീഡ് നൽകി. 25ആം മിനുട്ടിൽ അലിയുടെ പാസിൽ നിന്ന് സോൺ സ്പർസിനായി സമനില കണ്ടെത്തി. പക്ഷെ ആദ്യ പകുതിയിൽ തന്നെ ലീഡ്സ് ലീഡ് തിരികെ പിടിച്ചു. 42ആം മിനുട്ടിൽ ബാംഫോർഡിന്റെ വക ആയിരുന്നു ആ ഗോൾ.

രണ്ടാം പകുതിയിൽ സമനിലക്കായി സ്പർസ് ശ്രമിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഒരു കൗണ്ടറിലൂടെ ലീഡ്സ് മൂന്നാം ഗോളും നേടി കളി അവരുടേതാക്കി. റഫിനയുടെ പാസിൽ നിന്ന് റോഡ്രിഗോ ആയിരുന്നു ആ ഗോൾ നേടിയത്. ഈ പരാജയത്തോടെ 56 പോയിന്റുമായി ആറാം സ്ഥാനത്ത് നിൽക്കുക ആണ് സ്പർസ്. 50 പോയിന്റുമായി ലീഡ്സ് ഒമ്പതാം സ്ഥാനത്തേക്ക് മുന്നേറി.

Previous articleനെയ്മർ പി എസ് ജി വിട്ട് എങ്ങോട്ടുമില്ല, ഔദ്യോഗിക പ്രഖ്യാപനം എത്തി
Next articleചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ വേദി മാറ്റാൻ ആവശ്യപ്പെട്ട് ചെൽസി ആരാധകർ