സ്പർസ് ഇന്ന് വെസ്റ്റ് ബ്രോമിനെതിരെ

- Advertisement -

പരിശീലകൻ ടോണി പ്യുലിസിനെ പുറത്താക്കിയ ശേഷമുള്ള ആദ്യ മത്സരത്തിൽ വെസ്റ്റ് ബ്രോമിന് ഇന്ന് സ്പർസ് കടമ്പ. സ്പർസിന്റെ സ്വന്തം മൈതാനമായ വെംബ്ലിയിൽ അവരെ നേരിടുക എന്നത് ബാഗീസിന് എളുപ്പമാവാൻ ഇടയില്ല. താൽക്കാലിക പരിശീലകനായ ഗാരി മേഗ്സന്റെ കീഴിലാവും ഇന്ന് വെസ്റ്റ് ബ്രോം വെംബ്ലിയിൽ എത്തുക. അവസാന 10 മത്സരങ്ങളിൽ ഒന്നിൽ പോലും ജയിക്കാത്ത വെസ്റ്റ് ബ്രോം സ്പർസിനെതിരെ ജയിക്കണമെങ്കിൽ സർവ്വ ശക്തിയും പുറത്തേക്കെടുക്കേണ്ടി വരും എന്ന് ഉറപ്പാണ്. ഇന്ത്യൻ സമയം രാത്രി 8.30 നാണ് മത്സരം അരങ്ങേറുക.

നോർത്ത് ലണ്ടൻ ഡെർബിയിൽ ആഴ്സണലിനോട് തോറ്റെങ്കിലും ചാംപ്യൻസ് ലീഗിൽ ഡോർട്ട് മുണ്ടിനെ തോൽപിച് ആത്മവിശ്വാസം വീണ്ടെടുത്താണ് സ്പർസ് ഇന്ന് മത്സരത്തിന് എത്തുന്നത്. സ്‌ട്രൈക്കർ ഹാരി കെയ്ൻ ഡോർട്ട് മുണ്ടിൽ ഗോളോടെ ഫോം വീണ്ടെടുത്തതും സ്പർസ് പരിശീലകൻ പോചെറ്റിനോക്ക്  അനുഗ്രഹമാവും. സ്പർസ് ടീമിൽ ടോബി ആൽഡ്വവീൽഡും വെന്യാമയും കളിക്കിലെങ്കിലും ട്രിപ്പിയറും ഡേവിസും കായിക ക്ഷമത വീണ്ടെടുത്തിട്ടുണ്ട്.  വെസ്റ്റ് ബ്രോം നിരയിൽ പരിക്കേറ്റ മുൻ സ്പർസ് താരം കൂടിയായ നേസർ ചാഡ്ലി പരിക്ക് കാരണം കളിക്കില്ല. ക്രെഗ് ഡോസനും മോറിസനും ഇത്തവണയും വെസ്റ്റ് ബ്രോം നിരയിൽ ഉണ്ടാവില്ല. ഇരുവർക്കും പരിക്കാണ്‌.

ഇരു ടീമുകളും അവസാനം കളിച്ച 15 കളികളിൽ ഒന്നിൽ മാത്രമാണ് സ്പർസ് തോൽവി വഴങ്ങിയത് എങ്കിലും അവസാന 3 ലീഗ് മത്സരങ്ങളിൽ രണ്ടിലും സ്പർസ് തോൽവി വഴങ്ങിയത് വെസ്റ്റ് ബ്രോമിന് നേരിയ പ്രതീക്ഷ ആവും എന്നത് ഉറപ്പാണ്.

ഇന്ന് നടക്കുന്ന മറ്റു പ്രീമിയർ ലീഗ് മത്സരങ്ങളിൽ ന്യൂ കാസിൽ വാട്ട്ഫോഡിനെയും, സ്വാൻസി ബൗർന്മൗത്തിനെയും, ക്രിസ്റ്റൽ പാലസ് സ്റ്റോക്ക് സിറ്റിയെയും നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement