Picsart 22 12 26 19 57 54 712

രണ്ട് ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ചു, എങ്കിലും സ്പർസിന് ജയമില്ല

ഈ സീസണിൽ കോണ്ടെയുടെ സ്പർസ് തിരിച്ചുവരവുകളുടെ ടീമായാണ് അറിയപ്പെടുന്നത്. പല മത്സരങ്ങളിലും തുടക്കത്തിൽ പിറകിൽ പോയ ശേഷം തിരിച്ചടിച്ച് വിജയം കൊയ്യാൻ സ്പർസിനായിരുന്നു. ഇന്ന് ബ്രെന്റ്ഫോർഡിലും സ്പർസ് തുടക്കത്തിൽ പതറുന്നതും പിന്നീട് തിരിച്ചടിക്കുന്നതുമാണ് കാണാൻ ആയത്‌. ലോറിസ് ഇല്ലാത്തതിനാൽ ഇന്ന് ഫോസ്റ്റർ ആയിരുന്നു സ്പർസിന്റെ വല കാത്തത്. 15ആം മിനുട്ടിൽ തന്നെ ഫ്രോസ്റ്ററിനെ ബ്രെന്റ്ഫോർഡ് കീഴ്പ്പെടുത്തി. ഹാനെൽടിന്റെ ഒരു ടാപിന്നാണ് ബീസിനെ മുന്നിൽ എത്തിച്ചത്.

ആദ്യ പകുതിയിൽ ഈ ലീഡിൽ ബ്രെന്റ്ഫോർഡ് കളം വിട്ടു. രണ്ടാം പകുതിയും അവർ മികച്ച രീതിയിൽ തുടങ്ങി. 54ആം മിനുട്ടിൽ അവരുടെ സ്റ്റ്രാർ സ്ട്രൈക്കർ ഐവാൻ ടോണിയിലൂടെ രണ്ടാം ഗോൾ. ബ്രെന്റ്ഫോർഡ് വിജയത്തിലേക്ക് നീങ്ങുന്നു എന്ന് തോന്നിയ നിമിഷങ്ങൾ. അവിടെ നിന്നാണ് സ്പർസ് തിരിച്ചടിച്ചത്.

65ആം മിനുട്ടിൽ ഹാരി കെയ്ൻ രക്ഷകനായി. ഇടതു ഭാഗത്ത് നിന്ന് ലെങ്ലെ നൽകിയ ഒരു ലോങ് ക്രോസ് മികച്ച ലീപിലൂടെ ഉയർബ്ൻ ചാടി കെയ്ൻ ഹെഡ് ചെയ്ത് വലയിൽ എത്തിച്ചു. സ്പർസ് 1-2 ബ്രെന്റ്ഫോർഡ്. 6 മിനുട്ടുകൾ കഴിഞ്ഞ് ഹൊയിബിയേർഗിലൂടെ സ്പർസിന്റെ സമനില ഗോൾ.

പിന്നെ വിജയ ഗോളിനായുള്ള ശ്രമങ്ങൾ തുടർന്നു.പക്ഷെ ഫലം ഉണ്ടായില്ല. 16 മത്സരങ്ങളിൽ 30 പോയിന്റുമായി സ്പർസ് നാലാം സ്ഥാനത്ത് നിൽക്കുകയാണ്‌. ബ്രെന്റ്ഫോർഡ് 20 പോയിന്റുമായി ഒമ്പതാം സ്ഥാനത്തും നിൽക്കുന്നു.

Exit mobile version