517 ദിവസങ്ങൾക്ക് ശേഷം പുതിയൊരു കളിക്കാരനെ ടീമിൽ എത്തിച്ച് സ്പർസ്

അവസാനം ടോട്ടൻഹാം ഹോട്സ്പർ ഒരു പുതിയ കളിക്കാരനെ ടീമിൽ എത്തിച്ചു, അതും 517 ദിവസങ്ങൾക്ക് ശേഷം. ലീഡ്സ് യുണൈറ്റഡിൽ നിന്നും യുവതാരം ജാക് ക്ലാർക്കിനെ ആണ് ലണ്ടൻ ക്ലബ് സ്വന്തമാക്കിയിരിക്കുന്നത്. 18 വയസുകാരനായ ക്ലാർക് നാല് വർഷത്തെ കരാറിൽ ആണ് സ്പര്സിൽ എത്തിയിരിക്കുന്നത്. എന്നാൽ ഈ വരുന്ന സീസണിൽ ക്ലാർക്ക് ടോട്ടൻഹാമിൽ കളിക്കില്ല, പകരം ഒരു വര്ഷം കൂടെ ലോൺ അടിസ്ഥാനത്തിൽ ലീഡ്സ് യുണൈറ്റഡിന് വേണ്ടി തന്നെയായിരിക്കും ക്ലാർക്ക് കളിക്കുക.
👋 #WelcomeJack #COYS ⚪️ #THFC pic.twitter.com/L2aZTteyrN
— Tottenham Hotspur (@SpursOfficial) July 2, 2019
2018 ജനുവരി 31നു ആണ് സ്പർസ് ഇതിനുമുന്പൊരു കളിക്കാരനെ ടീമിൽ എത്തിച്ചത്. പിഎസ്ജിയിൽ നിന്നും ബ്രസീലിയൻ താരം ലൂക്കാസ് മോറയെ ടീമിൽ എത്തിച്ചതിനു ശേഷം ഒരു കളിക്കാരനെ പോലും സ്പർസ് സ്വന്തമാക്കിയിരുന്നില്ല.
കഴിഞ്ഞ വര്ഷം ചാമ്പ്യൻഷിപ്പിൽ ലീഡ്സ് യുണൈറ്റഡിന് വേണ്ടി 25 മത്സരങ്ങളിൽ കളിച്ച വിങ്ങറായ ജാക് ക്ലാർക്ക് 2 ഗോളുകളും നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ലീഡ്സ് യുണൈറ്റഡിന്റെ മികച്ച യുവതാരത്തിനുള്ള അവാർഡും സ്വന്തമാക്കിയത് ജാക് ക്ലാർക്ക് ആയിരുന്നു.