primus mobile
primus mobile

വെംബ്ലിയിൽ ജയം സ്പർസിന് തന്നെ, ചെൽസിക്ക് നിരാശ

സ്പർസ് പോയിന്റ് നഷ്ടപ്പെടുത്തുന്നത് കാത്തിരുന്ന ചെൽസിയെ നിരാശരാക്കി സ്പർസിന് മികച്ച ജയം. വാട്ട്ഫോഡിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് മറികടന്നാണ് സ്പർസ് ടോപ്പ് 4 ഏതാണ്ട് ഉറപ്പിച്ചത്. ഇനിയുള്ള 2 മത്സരങ്ങളിൽ ഏതെങ്കിലും ഒന്നിൽ ജയിക്കാൻ ആയാൽ സ്പർസിന് ടോപ്പ് 4 ഉറപ്പിക്കാനാവും. നിലവിൽ 36 മത്സരങ്ങൾ പിന്നിട്ടപ്പോൾ അവർക്ക് ചെൽസിയേക്കാൾ 5 പോയിന്റ് കൂടുതൽ ഉണ്ട്.

ആദ്യ പകുതിയിൽ 16 ആം മിനുട്ടിൽ ഡലെ അലിയാണ് സ്പർസിന് ലീഡ് സമ്മാനിച്ചത്. വാട്ട് ഫോർഡ് ഗോളി കർനെസിസിന്റെ പിഴവ് മുതലാക്കി എറിക്സൻ നൽകിയ പാസിൽ നിന്നാണ് അലിയുടെ ഗോൾ പിറന്നത്. ഈ അസിസ്റ്റോടെ ഈ സീസണിൽ 10 ഗോളുകളും 10 അസിസ്റ്റുകളും എന്ന നേട്ടം നേടാൻ എറിക്സനായി. ക്ലിൻസ്മാൻ, അടബായോർ എന്നിവർക്ക് മാത്രമാണ് മുൻപ് സ്പർസിനായി ഈ നേട്ടം നേടാനായിട്ടുള്ളത്.

രണ്ടാം പകുതിയിൽ ട്രിപ്പിയറിന്റെ പാസ്സ് ഗോളാക്കി കെയ്ൻ ലീഡ് രണ്ടാക്കി. ഈ ഗോളോടെ സീസണിലെ ലീഗ് ഗോളുകൾ 27 ആക്കി ഉയർത്താൻ താരത്തിനായി. പക്ഷെ 31 ഗോളുകൾ ഉള്ള സലാഹ് തന്നെയാണ് ഇപ്പോഴും മുൻപിൽ. 2 ഗോളുകൾക്ക് പിറകിൽ പോയ ശേഷം റിച്ചാർലിസൻ അടക്കമുള്ള വാട്ട്ഫോർഡ് താരങ്ങൾക്ക് അവസരങ്ങൾ ലഭിച്ചെങ്കിലും ഫിനിഷിങിലെ പോരായ്മകൾ വിനയായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial