ഓൾഡ് ട്രാഫോഡ് നിശ്ചലം, സ്പർസിനോട് നാണം കെട്ട് യുണൈറ്റഡ്

na

Download the Fanport app now!
Appstore Badge
Google Play Badge 1

സ്വന്തം മൈതാനത്തെ സരക്ഷിതത്വവും ജോസ് മൗറീഞ്ഞോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ രക്ഷിച്ചില്ല. ഓൾഡ് ട്രാഫോഡിൽ സ്പർസിനെ നേരിട്ട അവർക്ക് എതിരില്ലാത്ത 3 ഗോളുകളുടെ തോൽവി. ഹാരി കെയ്ൻ, ലൂക്കാസ് മോറയുടെ രണ്ട് ഗോളുകളാണ് സ്പർസിന് ജയം ഒരുക്കിയത്. ഇന്നത്തെ തോൽവിയോടെ യുണൈറ്റഡ് 3 മത്സരങ്ങളിൽ നിന്ന് വെറും 3 പോയിന്റുമായി  13 ആം സ്ഥാനത്താണ്. സ്പർസ് 9 പോയിന്റുമായി 3 ആം സ്ഥാനത്താണ്

ബ്രൈറ്റനെതിരെ തോൽവി വഴങ്ങിയ ടീമിൽ നിന്ന് ഏറെ മാറ്റങ്ങളുമായാണ് മൗറീഞ്ഞോ ടീമിനെ ഇറക്കിയത്. പെരേര, ബായി, ലിണ്ടലോഫ്, യങ് എന്നിവർക്ക് പകരം ഹെരേര, മാറ്റിച്, സ്മാളിങ്, ജോൻസ്, വലൻസിയ എന്നിവർ ടീമിലെത്തി.

ആദ്യ പകുതിയിൽ യുണൈറ്റഡ് മികച്ച ആധിപത്യമാണ് പുലർത്തിയത്. പക്ഷെ ഗോൾ കണ്ടെത്താൻ അവർക്കായില്ല. ഡാനി റോസിന്റെ പിഴവിൽ നിന്ന് ലുകാക്കുവിന് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് പുറത്തേക്കാണ് പോയത്. സ്പർസ് പക്ഷെ എതിർ ഗോൾ മുഖത്ത് കാര്യമായ വെല്ലുവിളി ഉയർത്തിയതുമില്ല.

രണ്ടാം പകുതിയിൽ പക്ഷെ സ്പർസ് ആക്രമണത്തിന് മുൻപിൽ യുണൈറ്റഡ് പ്രതിരോധം ചിന്നി ചിതറുന്ന കാഴ്ചയാണ് കണ്ടത്. 50 ആം മിനുട്ടിൽ ട്രിപ്പിയറിന്റെ കോർണറിൽ നിന്ന് കെയ്ൻ നേടിയ ഹെഡർ ഗോളിലൂടെ ലീഡ് സ്വന്തമാക്കിയ സ്പർസ് ഏറെ വൈകാതെ 52 ആം മിനുട്ടിൽ ലൂക്കാസ് മോറയുടെ ഗോളിൽ ലീഡ് രണ്ടാക്കി. ഇതോടെ ഹെരേരയെ പിൻവലിച്ച മൗറീഞ്ഞോ സാഞ്ചസിനെ കളത്തിൽ ഇറക്കി. പക്ഷെ 84 ആം മിനുട്ടിൽ മോറയുടെ രണ്ടാം ഗോളും പിറന്നതോടെ യുണൈറ്റഡിന്റെ പതനം പൂർത്തിയായി.