മൊഹമ്മദ് സലാ മിന്നലായി, ലിവർപൂൾ വീണ്ടും തലപ്പത്ത്

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കിരീട പോരാട്ടം ക്ലാസിക്ക് പോരാട്ടമായി വീണ്ടും മാറുന്നു. ഇന്ന് സൗതാമ്പ്ടണെ നേരിട്ട ലിവർപൂൾ ശക്തമായ പോരാട്ടത്തിനു ശേഷമാണ് വിജയിച്ചത്. കളിയുടെ തുടക്കത്തിൽ പിറകിൽ പോയ ശേഷം തിരിച്ചടിച്ച് 3-1 എന്ന സ്കോറിനായിരുന്നു ലിവർപൂൾ വിജയിച്ചത്. കളിയിൽ ആദ്യം ഷെയ്ൻ ലോംഗിന്റെ ഗോളിൽ ആയിരുന്നു സതാമ്പ്ടൺ മുന്നിൽ എത്തിയത്

എന്നാൽ മധ്യനിരക്കാരൻ നാബി കെയ്റ്റയുടെ ഹെഡറിൽ ലിവർപൂൾ സമനില പിടിച്ചു. കെയ്റ്റയുടെ ലിവർപൂൾ കരിയറിലെ ആദ്യ ഗോളായിരുന്നു ഇത്. രണ്ടാം പകുതിയിൽ വിജയ ഗോളിനായി നിരന്തരം ശ്രമിക്കുന്ന ലിവർപൂളിന്റെ രക്ഷയ്ക്ക് എത്തിയത് സലാ ആയിരുന്നു. അടുത്ത കാലത്തായി ഫോമിൽ അല്ലാതിരുന്ന സലാ പക്ഷെ ഇന്ന് ഒരൊറ്റ കുതിപ്പിൽ താൻ ആരാണെന്ന് കാണിച്ചു തന്നു.

ലിവർപൂളിന്റെ ഡിഫൻസീവ് ഹാഫിൽ നിന്ന് പന്ത് സ്വീകരിച്ച സലാ മിന്നൽ വേഗതയിൽ കുതിച്ചപ്പോൾ സതാമ്പ്ടൺ ഡിഫൻസ് ആകെ വിറച്ചു. ആ കുതിപ്പിന് ഒടുവിൽ മികച്ച സ്ട്രൈക്കിലൂടെ വല കണ്ടെത്താനും സലായ്ക്കായി. 8 മത്സരങ്ങളുടെ വരൾൿജ്ചയ്ക്ക് ശേഷമാണ് സലാ ഇന്ന് ഒരു ഗോൾ നേടിയത്. സലായുടെ ഗോളിന് പിറകെ ഹെൻഡേഴ്സ്ണും കൂടെ ഗോൾ നേടിയതോടെ കളി ലിവർപൂളിന് സ്വന്തമായി.

ഈ ജയത്തോടെ 82 പോയന്റുമായി ലിവർപൂൾ ലീഗിൽ ഒന്നാമതെത്തി. ഒരു മത്സരം കുറവ് കളിച്ച മാഞ്ചസ്റ്റർ സിറ്റി 80 പോയന്റുനായി രണ്ടാമതുണ്ട്.

Advertisement